
നോയിഡ: ഭക്ഷണം പാകം ചെയ്ത് നൽകാൻ താമസിച്ചതിന്റെ പേരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 37 കാരനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. മമുരയിലെ ശ്രമിക് കുഞ്ച് ഏരിയയിലെ ഫേസ് 3 പൊലീസ് സ്റ്റേഷനിലാണ് കൊലപാതകം റിപ്പോർട്ട് ചെയ്തത്.
ബീഹാർ സ്വദേശിയായ അനുജ് കുമാർ നോയിഡയിൽ ഓട്ടോ റിക്ഷ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇയാൾ അത്താഴം പാകം ചെയ്യുന്നതിന്റെ പേരിൽ ഭാര്യ ഖുഷ്ബുവുമായി വഴക്കിടുകയായിരുന്നു. തർക്കം മൂർഛിച്ചതോടെ അനുജ് കുമാർ ഭക്ഷണം പാകം ചെയ്യുന്ന 'തവ' ഉപയോഗിച്ച് ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് സമീപവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സെക്ടർ 59 മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് അനുജ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്. ഐ, ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ബീഹാറിൽ നിന്ന് നോയിഡയിലെയ്ക്ക് കുടിയേറിയ അനുജ് കുമാറിനും ഖുഷ്ബുവിനും അഞ്ചു വയസുകാരനായ ഒരു മകനുണ്ട്.