
ഭോപാൽ: നഴ്‌സറി വിദ്യാർത്ഥിയായ മൂന്നര വയസുകാരിയെ സ്‌കൂൾബസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ ബസ് ഡ്രൈവറുടെ വീട് തകർത്ത് അധികൃതർ. ഭോപാലിലെ ഷാപുര മേഖലയിലെ വീടാണ് തകർത്തത്. പൊലീസിന്റെ മേൽനോട്ടത്തിലാണ് അധികൃതർ വീട് തകർത്തത്.
ഷാപുരയിലെ ഇടുങ്ങിയ തെരുവിൽ വഴിയരികിലുളള വീട് ചുറ്റികകൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അനധികൃത നിർമ്മാണമാണ് വീട് തകർക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ഭോപാലിലെ സ്വകാര്യ സ്‌കൂളിലെ നഴ്‌സറി വിദ്യാർത്ഥി സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ ബസ് ഡ്രൈവറും ബസിൽ ആ സമയമുണ്ടായിരുന്ന സ്‌ത്രീയും അറസ്‌റ്റിലായി.
നഴ്സറി വിദ്യാർത്ഥിയായ കുട്ടി വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോൾ വസ്ത്രം മാറിയിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് കൗൺസിലിംഗിനായി കുട്ടിയെ വീട്ടുകാർ കൊണ്ടുപോയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോൾ ഡ്രൈവറെ കുട്ടി തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.