
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിലെ സ്ഥിരം യാത്രികർക്ക് യോഗ പാഠങ്ങൾ പഠിപ്പിച്ച് രമേശ് ചെന്നിത്തല. ഇന്നലെ മാമം എസ്.എസ് പൂജാ കൺവെൻഷൻ സെന്ററിൽ പദയാത്രികർ വിശ്രമിച്ചിരിക്കവെയാണ് രമേശ് ചെന്നിത്തല അവിടേക്ക് എത്തിയത്. യൂത്ത്‌കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ ജോഡോ യാത്രയിലെ ചില സ്ഥിര അംഗങ്ങൾക്ക് നടക്കുമ്പോഴുള്ള ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി ചെന്നിത്തലയോട് പറഞ്ഞു. ഇത് കേട്ടപാടെ ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട യോഗ പാഠങ്ങളെപ്പറ്റിയായി ചെന്നിത്തലയുടെ സംസാരം. പറയുക മാത്രമല്ല നിലത്തിരുന്ന് യോഗ എങ്ങനെയാണ് അഭ്യസിക്കേണ്ടതെന്ന് കാട്ടിക്കൊടുക്കുകയും ചെയ്തു.
ഇത് കണ്ടതോടെ അവിടെയുണ്ടായിരുന്ന മറ്റുള്ളവരും നിലത്തിരുന്ന് യോഗ പരിശീലിക്കാൻ തുടങ്ങി. ചെന്നിത്തല കാൽനടയായും വാഹനത്തിലുമായി കേരളത്തിൽ മുഴുവൻ എഴ് തവണ ജാഥ നടത്തിയപ്പോഴുള്ള അനുഭവങ്ങളും പങ്കിട്ടു. രാജസ്ഥാനിൽ നടന്ന ചിന്തൽ ശിബിരത്തിൽ രമേശ് ചെന്നിത്തലയാണ് രാഹുൽ ഗാന്ധി ഇന്ത്യയൊട്ടാകെ നടക്കണമെന്ന ആശയം മുന്നോട്ടുവച്ചത്.