e-p-jayarajan

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളായ മന്ത്രി വി ശിവൻകുട്ടിയും മറ്റ് സിപിഎം നേതാക്കളും ഇന്ന് കോടതിയിൽ ഹാജരാകും. അതേസമയം, ഇ പി ജയരാജൻ ഹാജരാകില്ല. അസുഖത്തെ തുടർന്ന് വിശ്രമത്തിലാണെന്ന് അദ്ദേഹം കോടതിയെ അറിയിക്കും. കേസ് പിൻവലിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിന് പിന്നാലെ ഹാജരാകണമെന്ന കർശന നിർദേശം തിരുവനന്തപുരം ചീഫ് ജു‌ഡീഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചിരുന്നു.

കെ ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ അജിത് കുമാര്‍, സി കെ സദാശിവന്‍, കെ കുഞ്ഞമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍. വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. വിടുതൽ ഹർജി നിലനിക്കുന്നതിനാൽ പ്രതികൾ നേരത്തേ കോടതിയിൽ ഹാജരായിരുന്നില്ല. ഹർജി തള്ളിയ ശേഷം മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരാകാതിരുന്നതോടെയാണ് ഇന്ന് ഹാജരാകണമെന്ന കർശന നിർദേശം നൽകിയത്. രാവിലെ 11ന് ചീഫ് ജു‌ഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖയാണ് കേസ് പരിഗണിക്കുന്നത്.

2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നത്.