cinema-

കൊവിഡ് കാലത്തിന് അവധി നൽകി ജനം തിയേറ്ററുകളിൽ വീണ്ടും തിക്കിതിരക്കുകയാണ്. ഈ അവസരത്തിൽ തിരികെ എത്തിയ പ്രേക്ഷകർക്കായി കുറഞ്ഞ നിരക്കിൽ സിനിമ പ്രദർശിപ്പിക്കുവാൻ തയ്യാറായിരിക്കുകയാണ് മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. സെപ്തംബർ 23നാണ് തങ്ങളുടെ തിയേറ്ററുകളിൽ കേവലം 75 രൂപയ്ക്ക് സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. സ്വാതന്ത്ര്യലബ്ദിയുടെ 75ാമത്തെ വാർഷികത്തിലാണ് ഈ ആനുകൂല്യം. നേരത്തെ ദേശീയ സിനിമാ ദിനമായ സെപ്തംബർ 16ന് 75 രൂപയുടെ ഓഫർ നൽകാനാണ് തീരുമാനിച്ചതെങ്കിലും പിന്നീടത് സെപ്തംബർ 23ലേക്ക് മാറ്റുകയായിരുന്നു. അസോസിയേഷൻ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പിവിആർ, ഐഎൻഒഎക്സ്, സിനിപോളിസ്, കാർണിവൽ, മിറാജ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് കമ്പനികളുടെ 4000ലധികം സ്‌ക്രീനുകളിലാണ് 75 രൂപയ്ക്ക് സിനിമ പ്രദർശിപ്പിക്കുന്നത്. കൊവിഡാനന്തരം സിനിമ കാണാൻ എത്തിയ സിനിമാപ്രേമികളോടുള്ള നന്ദി സൂചകമായിട്ടാണ് ഈ തീരുമാനം. ഇതുവരെ തിയേറ്ററുകളിലേക്ക് പോയിത്തുടങ്ങാത്ത ആളുകളെയും സിനിമ തിയേറ്ററുകളിലേക്ക് ക്ഷണിക്കാൻ ഇതിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.

ഓൺലൈനിലൂടെ ടിക്കറ്റ് എടുക്കുന്നവർക്ക് 75 രൂപയ്ക്ക് സിനിമകാണാൻ സാധിക്കുകയില്ല. തേർഡ് പാർട്ടി ആപ്പുകളും, സൈറ്റുകളും അധിക നികുതി ഈടാക്കുന്നതിനാലാണ്. സിനിമാപ്രേമികൾക്ക് ഓഫർ ലഭിക്കണമെങ്കിൽ തീയേറ്ററിൽ പോയി പഴയതുപോലെ ക്യൂവിൽ നിന്ന് ടിക്കറ്റെടുക്കേണ്ടി വരും.