
ഇലക്ട്രിക് വാഹന വിപണിയിൽ പേരുപോലും ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ള കമ്പനികൾ നിറയുമ്പോഴും, രാജ്യത്തെ നിരത്തുകൾ അടക്കി വാഴുന്ന ഹോണ്ട കമ്പനി ഇനിയും അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇറക്കിയിരുന്നില്ല. എന്നാൽ ഒടുവിൽ കമ്പനി തങ്ങളുടെ ഇലക്ട്രിക് മോഡലുകളെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇലക്ട്രിക് മേഖലയിൽ പത്ത് വ്യത്യസ്ത ടൂവീലറുകളുമായി കളം പിടിക്കാനാണ് ഹോണ്ടയുടെ പദ്ധതി. സ്‌കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ, ഓഫ് റോഡ്, സ്ട്രീറ്റ് ബൈക്കുകൾ എന്നിവയുൾപ്പെടെ വിവിധ ശ്രേണികളിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിറക്കാനാണ് പദ്ധതി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ലക്ഷത്തോളം ഇ ബൈക്കുകൾ വിൽക്കുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2030 ഓടെ ഇത് ഏകദേശം 3.5 ദശലക്ഷം യൂണിറ്റുകളായി ഉയർത്തും. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചതായും, തായ്ലൻഡിൽ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ഹോണ്ട അറിയിച്ചു. എളുപ്പത്തിൽ ഊരിമാറ്റുന്ന തരത്തിലുള്ള ബാറ്ററികളാവും ഹോണ്ടയുടെ സ്‌കൂട്ടറുകളിൽ ഉണ്ടാവുക. രണ്ട് വർഷത്തിനുള്ളിൽ ഏഷ്യൻ, യൂറോപ്യൻ വിപണികളെ ലക്ഷ്യമിട്ട് വാഹനങ്ങൾ ഇറക്കും.