
തിരുവനന്തപുരം: അച്ചടി മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വി.കെ.മാധവൻകുട്ടി പുരസ്‌കാരത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് അർഹനായി.അരലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ദൃശ്യമാദ്ധ്യമ രംഗത്തെ സമഗ്രസംഭാവന പുരസ്‌ക്കാരം മനോരമ ടിവി ന്യൂസ് ഡയറക്ടർ ജോണിലൂക്കോസിനാണ്. മുൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയതെന്ന് കേരളീയം വർക്കിംഗ് ചെയർമാൻ ഡോ.ജി.രാജ്‌മോഹൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
ഡോ.ടി.പി.ശ്രീനിവാസനും, കേരളീയം ജനറൽ സെക്രട്ടറി എൻ.ആർ.ഹരികുമാർ, അഡ്വ.ലാലുജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.പി.ടി.ഐ കേരള മുൻ ബ്യൂറോ ചീഫ് എൻ.മുരളീധരൻ,പി.എസ്.സി മുൻ അംഗം ആർ.പാർവ്വതി ദേവി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ വി.കെ.മാധവൻകുട്ടിയുടെ സ്മരണാർത്ഥം കേരളീയം ഏർപ്പെടുത്തിയതാണ് അവാർഡ്.എൻട്രികൾ ക്ഷണിച്ചുള്ള കാറ്റഗറിയിൽ ദൃശ്യ മാദ്ധ്യമത്തിൽ മീഡിയാ വണ്ണിലെ മുഹമ്മദ് അസ്ലാമും അച്ചടി മാദ്ധ്യമത്തിൽ മംഗളം ദിനപത്രത്തിലെ വി.പി നിസാറും തിരഞ്ഞെടുക്കപ്പെട്ടു.അവാർഡുകൾ ഉടൻ വിതരണം ചെയ്യും.
ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച ( 2005 ) പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകനാണ് രാജേഷ്. ആ ന്യൂസ് ബ്രേക്കിന് രാഷ്ട്രപതിയിൽ നിന്നുൾപ്പെടെ 22 പുരസ്‌കാരങ്ങൾ നേടി. അതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിക്കുകയും രാജേഷിന്റെ നിർണായക ഇടപെടലുകളെ വിധിന്യായത്തിൽ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഹൃദയചികിത്സയ്ക്കുള്ള സ്റ്റെന്റിന്റെ വില ഗണ്യമായി കുറയ്ക്കാനിടയാക്കിയ ,സ്റ്റെന്റിനു പിന്നിലെ തട്ടിപ്പുകൾ അനാവരണം ചെയ്ത പരമ്പരയ്ക്ക് മികച്ച വികസനോൻമുഖ പത്രപ്രവർത്തനത്തിനുള്ള പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ അവാർഡ് (2018),കേരള നിയമസഭ അവാർഡ് , എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കി. മികച്ച ടെലിവിഷൻ അഭിമുഖത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും സംസ്ഥാന മാദ്ധ്യമ അവാർഡും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ മാദ്ധ്യമ സംഘത്തിൽ അംഗമായിരുന്നു.തിരുവനന്തപുരം അരുവിയോട് സെയിന്റ് റീത്താസ് യു.പി.സ്കൂൾ അദ്ധ്യാപികയായ എസ്.എസ്.ദീപയാണ് ഭാര്യ.പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്ളസ് വൺ വിദ്യാർത്ഥിയായ രാജ്ദീപ് ശ്രീധർ മകനാണ്.