
നടത്തം ഉത്തമമായ വ്യായാമമാണെന്ന് എല്ലാവർക്കും അറിയാം, നിത്യവും നടക്കുന്നത് കാൻസർ ഉൾപ്പടെയുള്ള മാരക രോഗത്തെ തടയാൻ സഹായിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ദിവസം പതിനായിരം ചുവടുകളെങ്കിലും നടക്കുന്നവർക്ക് മറവി രോഗം, കാൻസർ എന്നിവ പിടിപെടാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കുമെന്ന് പഠനം തെളിയിച്ചിരിക്കുകയാണ്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കുന്ന ജാമാ ഇന്റേണൽ മെഡിസിൻ, ജാമാ ന്യൂറോളജി എന്നീ ജേർണലുകളിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ 40 നും 79 നും ഇടയിൽ പ്രായമുള്ള 78,500 ആളുകളിൽ നടത്തിയ പഠനത്തിലാണ് നടത്തം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചത്. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. നടത്തം അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ഒരു ദിവസം 3,800 ചുവടുകൾ വയ്ക്കുന്നവർക്ക് മറവി രോഗം വരാനുള്ള സാദ്ധ്യത 25 ശതമാനം കണ്ട് കുറയ്ക്കാൻ കഴിയുമെന്ന് മനസിലായി. അകാല മരണത്തെയും തടയാൻ നടത്തം കൊണ്ടു കഴിയും. ദിവസവും ഓരോ 2000 ചുവടുകൾ വയ്ക്കുമ്പോഴും അകാല മരണ സാദ്ധ്യത എട്ട് മുതൽ 11 ശതമാനം വരെ കുറയുന്നു. നാം ദിനവും നടക്കുന്ന ദൂരം മനസിലാക്കാൻ നിരവധി ഉപകരണങ്ങളാണ് വിപണിയിലുള്ളത്. കയ്യിൽ ധരിക്കുന്ന സ്മാർട് വാച്ചുകളിലൂടെയും നടത്തത്തെ ട്രാക്ക് ചെയ്യാനാവും.