
തിരുവനന്തപുരം: ഈ വർഷത്തെ നെയ്യാർ മാദ്ധ്യമ പുരസ്‌കാരത്തിന് കൗമുദി ടി വി ചീഫ് പ്രൊഡ്യൂസർ കിഷോർ കരമന അർഹനായി. കൗമുദി ടി വിയിലെ സ്നേക്ക് മാസ്റ്റർ എന്ന പരിപാടിയ്ക്കാണ് മികച്ച സാഹസിക ടെലിവിഷൻ പരിപാടിയ്ക്കുള്ള അവാർഡ് ലഭിച്ചത്.
വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികൾക്കും ദൃശ്യ-ശ്രവ്യ മാദ്ധ്യമ രംഗത്തെ പ്രഗത്ഭർക്കുമാണ് നെയ്യാർ പുരസ്കാരം നൽകുന്നത്. മാദ്ധ്യമപ്രവർത്തകനായ റ്റി എസ് സതികുമാർ അദ്ധ്യക്ഷനായ അഞ്ചംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. സെപ്തംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ അഡ്വ. തലയൽ കേശവൻനായർ നഗറിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പുരസ്കാരദാനം നിർവഹിക്കും.