arrest

മുംബയ്: നടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫിറ്റ്‌നസ് ട്രെയിനർ അറസ്റ്റിൽ. മുംബയിലെ കഫേ പരേഡിൽ നിന്നുള്ള ആദിത്യ കപൂറാണ് നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ വേഷമിട്ട 24കാരിയുടെ പരാതിയിൽ അറസ്റ്റിലായത്.

നടിയുമായി സൗഹൃദത്തിലായ പ്രതി വിവാഹവാഗ്ദ്ധാനം നൽകി പീഡിപ്പിക്കുകയും പിന്നീട് സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിന് ശേഷം 2021-2022 കാലയളവിൽ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

2021ലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പിന്നാലെ ഇരുവരും സൗഹൃദത്തിലായി. ലോക്ക്‌‌‌ഡൗൺ സമയത്ത് യുവതി ആദിത്യയുടെ വീട്ടിലെത്തിയപ്പോൾ ഇയാൾ യുവതിയെ വിവാഹം കഴിക്കാൻ താത്പര്യം അറിയിക്കുകയും ശാരീരികബന്ധത്തിൽ ഏൽപ്പെടുകയും ചെയ്തു. പിന്നീട് ഗോവയിൽവച്ച് കണ്ടുമുട്ടിയപ്പോൾ ഇയാൾ ബലപ്രയോഗത്തിലൂടെ യുവതിയെ പീഡിപ്പിച്ചു. തുടർന്ന് നടിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്വന്തം വീട്ടുകാരിൽ നിന്നുമകറ്റിയതോടെ 2022 ജനുവരിയിൽ നടി ഇയാളുടെ അപ്പാർട്ട്‌മെന്റിലേയ്ക്ക് താമസം മാറ്റിയിരുന്നു. എന്നാൽ ഇയാളുടെ ശാരീരിക ഉപദ്രവം സഹിക്കാനാകാതെ വന്നതോടെ മാർച്ചിൽ തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.

സെപ്തംബർ മൂന്നിന് നേരിട്ട് കാണണമെന്ന് നടിയോട് ഇയാൾ ആവശ്യപ്പെട്ടെന്നും വന്നില്ലെങ്കിൽ ബന്ധുവിന്റെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പിന്നാലെ നേരിട്ട് കണ്ടതോടെ ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച നടിയെ ഹോട്ടലിൽ എത്തിച്ച് ഉപദ്രവിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.