
ചരിത്രത്തിന്റെ ഏടുകളിൽ മുഗൾ ചക്രവർത്തിമാർ നിരവധി ഹൈന്ദവ ആരാധനാലയങ്ങൾ തകർത്തതായി ആരോപണമുണ്ട്. അതിൽ തീവ്ര ഹിന്ദുത്വ വാദികൾ സ്ഥിരമായി ഉയർത്തുന്ന പേരാണ് മുഗൾ ചക്രവർത്തി ഔറംഗസീബ്. കാരണം അദ്ദേഹത്തിന്റെ ഭരണം ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. അദ്ദേഹം നിരവധി ക്ഷേത്രങ്ങൾ നശിപ്പിച്ചതായി പറയപ്പെടുന്നു. എന്നാൽ ചക്രവർത്തിക്ക് കീഴടക്കാൻ കഴിയാതിരുന്ന ഒരു ആരാധനാലയം ഇന്ത്യയിലുണ്ട്. മഥുരയിലെ ദാവോജി ക്ഷേത്രമാണത്. ഈ ക്ഷേത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഔറംഗസേബ് അഞ്ച് ഗ്രാമങ്ങളുടെ വരുമാനം സംഭാവന ചെയ്ത ക്ഷേത്രമാണത്. മഥുരയിൽ നിന്ന് 20 കിലോമീറ്റർ വടക്കായിട്ടുള്ള ബാൽദേവ് പട്ടണത്തിലാണ് ദാവോ ജി മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തകർക്കാനെത്തിയവർ ഒടുവിൽ സംഭാവന നൽകി
ഔറംഗസീബുമായി ബന്ധപ്പെട്ടുള്ള ദാവോ ജി മഹാരാജ് ക്ഷേത്രത്തിന്റെ കഥ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മഥുരവൃന്ദാവനത്തിന് ചുറ്റുമുള്ള ബ്രജ് മേഖലയിൽ താമസിക്കുന്ന ആളുകൾക്ക് കാണാപാഠമാണ്. അവർ ഈ കഥ മറ്റുള്ളവരോട് ഉത്സാഹത്തോടെ പറയുകയും ചെയ്യും. അത് ഇപ്രകാരമാണ്.
ഒരിക്കൽ ഔറംഗസീബ് മഥുരയിലേക്ക് പോകുമ്പോൾ വഴിയിൽ കണ്ട ക്ഷേത്രങ്ങളെല്ലാം തകർത്തു. അദ്ദേഹത്തിന് ബൽദേവ് പട്ടണത്തിലെ ദാവോജി ക്ഷേത്രത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ അവിടെ എത്താൻ എത്ര ദൂരമുണ്ടെന്ന് അറിയില്ലായിരുന്നു. ഇതേതുടർന്ന് കൂടെയുള്ളവരോട് ദൂരത്തെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി നാലു മൈൽ ദൂരമെന്നായിരുന്നു. എന്നാൽ മണിക്കൂറുകളോളം യാത്ര ചെയ്തിട്ടും നാല് മൈൽ പിന്നിടാൻ അവർക്കായില്ല. ക്ഷേത്രത്തിലേക്ക് എത്ര ദൂരമുണ്ടെന്ന് വഴിയിൽ കണ്ടവരോടെല്ലാം ചോദിച്ചെങ്കിലും ഉത്തരമായി ലഭിച്ചത് നാലു മൈൽ എന്നായിരുന്നു. ഇതോടെ ദാവോ ജിയുടെ ശക്തിയും മഹത്വവും ചക്രവർത്തിക്ക് മനസിലായി. ക്ഷേത്രം നശിപ്പിക്കാനുള്ള ആശയം ഉപേക്ഷിച്ച അദ്ദേഹം ക്ഷേത്രത്തിലേക്ക് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ള വരുമാനം കൈമാറുകയു ചെയ്തു.
500 വർഷങ്ങൾക്ക് മുമ്പ് ഔറംഗസീബ് ക്ഷേത്രത്തിലേക്ക് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ള വരുമാനം സംഭാവന ചെയ്തിരുന്നതായി ക്ഷേത്രത്തിന്റെ കാര്യസ്ഥൻ അനിൽ കുമാർ പാണ്ഡെയും സ്ഥിരീകരിക്കുന്നുണ്ട്. 580 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ക്ഷേത്രത്തിന് നൽകിയത്.
ഇപ്പോഴും ഈ അഞ്ച് ഗ്രാമങ്ങളിലെയും വരുമാനത്തിന്റെ ഭാഗം സർക്കാർ ട്രഷറിയിൽ നിന്നും ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്. ഔറംഗസീബ് ഈ ക്ഷേത്രത്തിന് അഞ്ച് ഗ്രാമങ്ങൾ സംഭാവന ചെയ്തതായി പരാമർശിക്കുന്ന ഒരു ലിഖിതവും ക്ഷേത്രത്തിന് മുൻപിലായുണ്ട്. ക്ഷേത്രത്തിന്റെ പ്രധാന ഹാളും ഔറംഗസീബാണ് പണികഴിപ്പിച്ചത്. ഇതിൽ ' മുഗൾ രാജാവായ ഔറംഗസീബ് 1672ൽ ക്ഷേത്രത്തിന്റെ പ്രധാന ഹാൾ (നഖർഖാന) നിർമ്മിക്കുകയും ഈ ഹാളിന്റെ പ്രവർത്തനത്തിനായി ഈ ക്ഷേത്രത്തിന് അഞ്ച് ഗ്രാമങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു...' എന്ന് കുറിച്ചിട്ടുണ്ട്.