
വംശനാശം സംഭവിച്ച്, നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും ചീറ്റകളെ പുനരധിവസിപ്പിക്കുവാൻ സർക്കാർ ഒരുങ്ങുകയാണ്. ആഫ്രിക്കയിലെ നമീബിയയിൽ നിന്നുമാണ് ഇവയെ കൊണ്ടുവരുന്നത്. സെപ്തംബർ 17ന് എട്ട് ചീറ്റകളെ കൊണ്ടുവരുന്നത്. ചീറ്റകളെ ആദ്യം രാജസ്ഥാനിലെ ജയ്പൂരിലേക്കും പിന്നീട് ഭോപ്പാലിലെ കുനോപാൽപൂർ ദേശീയോദ്യാനത്തിലേക്കും എത്തിക്കും.
കൊണ്ടുവരുന്നത് ഒഴിഞ്ഞ വയറോടെ
നമീബയിൽ നിന്നും എത്തുന്ന ചീറ്റകൾ വിശന്ന് വലഞ്ഞാവും ഇന്ത്യയിൽ എത്തുക. കാരണം ഇവയെ ഒഴിഞ്ഞ വയറോടെയാവും യാത്ര ചെയ്യിപ്പിക്കുന്നത്. യാത്രയ്ക്കിടെ മുൻകരുതലെന്ന നിലയിൽ മൃഗങ്ങളിലുണ്ടാകുന്ന ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനാൽ യാത്രയിൽ ഉടനീളം ചീറ്റകൾ പട്ടിണിയിലായിരിക്കും.
ജയ്പൂരിൽ ഇറങ്ങുന്ന ചീറ്റകൾക്ക് ഒരു മണിക്കൂർ കൂടി യാത്ര ചെയ്‌തെങ്കിൽ മാത്രമേ ഭോപ്പാലിലെ കുനോപാൽപൂർ ദേശീയോദ്യാനത്തിൽ എത്താനാവു. സെപ്തംബർ 17ന് അതിരാവിലെയാവും രാജസ്ഥാനിൽ നമീബിയയിൽ നിന്നുള്ള കൂറ്റൻ ചരക്ക് വിമാനം ചീറ്റകളുമായി ലാന്റ് ചെയ്യുന്നത്. ഇവിടെ നിന്നും ഹെലികോപ്ടറിലാവും ഭോപ്പാലിലെ കുനോ നാഷണൽ പാർക്കിലേക്ക് ഇവയെ എത്തിക്കുക. ചീറ്റകളെ ആദ്യം ക്വാറന്റൈനിൽ വിടും. ഒരു മാസത്തേക്ക് ചെറിയ ചുറ്റുമതിലുകളുള്ള സ്വാഭാവിക വനത്തിൽ താമസിപ്പിച്ച ശേഷമാവും തുറന്ന് വിടുക. ഇവയ്ക്ക് വേട്ടയാടി കഴിക്കുന്നതിനായി മാനുകളെ അധികമായി കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ചീറ്റകൾ രാജ്യത്ത് എത്തുക. ഇന്ത്യയിൽ മൃഗം വംശനാശം സംഭവിച്ച് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചീറ്റകൾ ഇന്ത്യയിൽ എത്തുന്നത്. 1952ലാണ് ഇന്ത്യയിൽ ചീറ്റ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് ആഫ്രിക്കയിൽ നിന്നും ചീറ്റകളെ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചത് 2009ലാണ്.