
ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ അന്താരാഷ്‌ട്ര ക്രിക്കറ്റിലടക്കം എല്ലാവിധ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെ അൽപം മുൻപാണ് താരം തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. '20 വർഷമായി ക്രിക്കറ്ര് കളിക്കാൻ തുടങ്ങിയിട്ട്. എന്റെ രാജ്യത്തെയും സംസ്ഥാനമായ കർണാടകയെയും പ്രതിനിധീകരിക്കാനായത് വലിയ ബഹുമതിയായി കാണുന്നു. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അന്ത്യമുണ്ടാകണം.ഹൃദയം നിറഞ്ഞ നന്ദിയോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഞാൻ വിരമിക്കാൻ തീരുമാനിച്ചു.' ഉത്തപ്പ കുറിച്ചു.
2007ൽ മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിൽ ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ഉത്തപ്പ. ഇന്ത്യയ്‌ക്കായി 46 ഏകദിനങ്ങളിൽ 934 റൺസും 13 ടി20യിൽ നിന്ന് 249 റൺസും ഉത്തപ്പ നേടിയിട്ടുണ്ട്. 2007 ലോകകപ്പിൽ പാകിസ്ഥാനെതിരായ ബൗൾ ഔട്ടിലൂടെ ഇന്ത്യ ജയിച്ച മത്സരത്തിൽ 50 റൺസ് നേടിയും ബൗൾ ഔട്ടിൽ പന്തെറിഞ്ഞും ഉത്തപ്പ നിർണായക പങ്ക് വഹിച്ചു. സെമി ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും യുവരാജ് സിംഗിനൊപ്പം മികച്ചൊരു ഇന്നിംഗ്സ് കാഴ്‌ചവച്ചു. 2008ൽ ഓവലിൽ ഇംഗ്ളണ്ടിനെതിരായ ഏകദിനത്തിൽ 318 റൺസ് വിജയലക്ഷ്യം പിന്തുടരവെ തകർന്ന ഇന്ത്യയെ 33 പന്തിൽ 47 റൺസ് നേടി ആവേശകരമായ വിജയം നേടാൻ സഹായിച്ചു.
ഐപിഎല്ലിലും മുംബയ് ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ,പൂനേ വാരിയേഴ്‌സ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നീ ഫ്രാഞ്ചൈസികൾക്ക് വേണ്ടി നിർണായക ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. 205 മത്സരങ്ങളിൽ നിന്ന് 4952 റൺസ് നേടിയിട്ടുണ്ട്.130 ആണ് സ്‌ട്രൈക് റേറ്റ്.