kk

പനാജി : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ കോൺഗ്രസിന് തിരിച്ചടിയായി ഗോവയിൽ പാർട്ടി എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്,​ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ എന്നിവർ അടക്കം എട്ട് എം.എൽ.എമാരാണ് ബി.ജെ.പിയിൽ ചേർന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് എം.എൽ.എമാരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

രാഹുൽ ഗാന്ധി 'ഭാരത് ജോഡോ യാത്ര' നടത്തുമ്പോൾ, രാജ്യത്ത് 'കോൺഗ്രസ് ഛോഡോ യാത്ര'യ്ക്ക് തുടക്കമായെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും കരങ്ങൾക്ക് കരുത്തു പകരുക ലക്ഷ്യമിട്ടാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് മൈക്കൽ ലോബോ പറഞ്ഞു. കോൺഗ്രസ് ഛോഡോ.. ബി.ജെ.പി കോ ജോഡോ എന്നും മൈക്കൽ ലോബോ ആവശ്യപ്പെട്ടു.

ദിഗംബർ കാമത്തിന് പുറമെ, മൈക്കൽ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലെക്സിയോ സെക്വേറ, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ 40 അംഗ ഗോവ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 28 ആയി. നിയമസഭയിൽ ബി.ജെ.പി സഖ്യത്തിന്റെ അംഗബലം 33 ആയും ഉയർന്നു. നിലവിൽ 20 ബി.ജെ.പി എം.എൽ.എമാർക്ക് പുറമെ, രണ്ട് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എം.എൽ.എമാരുടേയും മൂന്ന് സ്വതന്ത്രരുടേയും അടക്കം 25 എം.എൽ.എമാരുടെ പിന്തുണയാണ് പ്രമോദ് സാവന്ത് സർക്കാരിനുണ്ടായിരുന്നത്.