vizhinjam

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷയൊരുക്കണമെന്നുള‌ള ഉത്തരവ് നടപ്പാക്കാത്തതിനെ ചോദ്യം ചെയ്‌ത് സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി അദാനി ഗ്രൂപ്പ്. പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നുമായിരുന്നു സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഇതിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ലത്തീൻ അതിരൂപതയുടെ അതിശക്തമായ സമരമാണ് തുറമുഖ നിർമ്മാണത്തിനെതിരെ നടക്കുന്നത്. അതേസമയം വിഴിഞ്ഞം സമരം രാഷ്‌ട്രീയമല്ലെന്നും മത്സ്യതൊഴിലാളികളുടെ ജീവിതപ്രശ്‌നമാണെന്നുമാണ് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കിയത്. വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് കെആർഎൽസിസി നേതൃത്വത്തിൽ പിന്തുണ പ്രഖ്യാപിച്ച് മൂലമ്പള‌ളിയിൽ നിന്നും വിഴിഞ്ഞം വരെയുള‌ള ജനബോധനയാത്രയിൽ സംസാരിക്കവേയാണ് കർദിനാൾ ഈ അഭിപ്രായം പറഞ്ഞത്.