russia

മോസ്കോ : നിഗൂഡത ഇരട്ടിയാക്കി റഷ്യയിൽ വീണ്ടും ഒരു വ്യവസായി കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോർപ്പറേഷൻ ഫോർ ദ ഡെവലപ്പ്മെന്റ് ഒഫ് ദ ഫാർ ഈസ്റ്റ് ആൻഡ് ആർട്ടികിന്റെ ഏവിയേഷൻ വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയുമായിരുന്ന ഇവാൻ പെകോറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 39 വയസായിരുന്നു.

ശനിയാഴ്ചയായിരുന്നു മരണം എന്നാണ് റിപ്പോർട്ട്. പസഫിക് തീരത്ത് വ്ലാഡിവൊസ്റ്റോകിലെ കേപ് ഇഗ്‌നയേവിന് സമീപം ആഡംബര നൗകയിൽ നിന്ന് വീണ് മുങ്ങി മരിച്ചെന്നാണ് വിവരം. ജനുവരി മുതൽ റഷ്യയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് കരുതുന്ന 9ാമത്തെ മുൻനിര ബിസിനസുകാരനാണ് ഇവാൻ. ഇതിൽ ആറ് പേർ റഷ്യയിലെ രണ്ട് ഭീമൻ ഊർജ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരാണ്.

നാല് പേർ റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ്പ്രോമുമായി ബന്ധമുള്ളവരും രണ്ട് പേ‌ർ റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ, വാതക കമ്പനിയായ ലൂക്കോയിലിൽ പ്രവർത്തിക്കുന്നവരുമാണ്. എല്ലാവരും കോടികൾ ആസ്തിയുള്ളവരുമാണ്. മാത്രമല്ല, ഇതിൽ ആറ് പേർ പുട്ടിന്റെ അടുത്ത അനുയായികളുമായിരുന്നു.

സെപ്തംബർ 1നാണ് ലൂക്കോയിലിന്റെ ചെയർമാൻ റാവിൽ മാഗനോവ് ( 67 ) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന് മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാഗനോവ് ആശുപത്രിയിലെ ആറാം നിലയിലെ ജനാല വഴി പുറത്തേക്ക് വീണാണ് മരിച്ചത്. ഇത് ആത്മഹത്യയാകാമെന്നാണ് അധികൃതർ പറയുന്നത്.

യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ലൂക്കോയിൽ എതിർത്ത് രംഗത്തെത്തിയിരുന്നു. അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ലൂക്കോയിൽ ആക്രമണങ്ങൾക്കിരയായ സാധാരണക്കാർക്ക് നേരെ അനുകമ്പയും പ്രകടിപ്പിച്ചിരുന്നു.

 മായാതെ ദുരൂഹത

യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യൻ കോടീശ്വരൻമാരുടെ ദുരൂഹ മരണങ്ങൾ ആഗോള തലത്തിൽ ചർച്ചയായിരിക്കുകയാണ്. എല്ലാ മരണങ്ങളും ആത്മഹത്യയോ അപകടമോ ആണെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ മൂന്ന് പേരുടെ കുടുംബത്തെയും അവർക്കൊപ്പം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം മൂവരും ആത്മഹത്യ ചെയ്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

മരിച്ചവർക്കാർക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു എന്നാണ് അടുപ്പമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണങ്ങളെ പറ്റി റഷ്യയ്ക്കുള്ളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവാൻ പെകോറിനും റാവിൽ മാഗനോവിനും മുന്നേ ദുരൂഹ സാഹചര്യത്തിൽ മരിച്ച റഷ്യൻ കോടീശ്വരൻമാർ ഇവരാണ് ;

 ജനുവരി 30 - ലിയനോയ്‌ഡ് ഷൂൾമാൻ

ഗ്യാസ്പ്രോമിലെ ഉന്നത ഉദ്യോഗസ്ഥൻ. ലെനിൻസ്കി ഗ്രാമത്തിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യ കുറിപ്പും കണ്ടെത്തി.

 ഫെബ്രുവരി 25 - അലക്സാണ്ടർ ട്യുലകോവ്

ഗ്യാസ്പ്രോം ഉദ്യോഗസ്ഥൻ. ലെനിൻസ്കി ഗ്രാമത്തിലെ തന്നെ വസതിയിലെ ഗ്യാരേജിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ.

 ഫെബ്രുവരി 28 - മിഖായിൽ വാറ്റ്ഫോർഡ്

യുക്രെയിനിൽ ജനിച്ച റഷ്യൻ ശതകോടീശ്വരൻ. ലണ്ടനിലെ സറെയിലുള്ള വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

 മാർച്ച് 23 - വാസിലി മെൽനികോവ്

മെഡ്സ്റ്റോം എന്ന മെഡിക്കൽ സപ്ലൈസ് കമ്പനിയുടെ ഉടമ. ഇദ്ദേഹത്തെയും ഭാര്യയേയും നാല്, പത്ത് വയസുള്ള മക്കളെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

 ഏപ്രിൽ 19 - സെർജി പ്രോട്ടോസെന്യ

സ്പെയിനിലെ ബാഴ്സലോണയിലെ ആഡംബര വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ്പ്രോമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള നൊവാറ്റെക് കമ്പനിയിലെ മുൻ ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കുത്തേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.

 ഏപ്രിൽ 18 - വ്ലാഡിസ്ലവ് അവായെവ്

റഷ്യയിലെ ഗ്യാസ്പ്രോം ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ്. മോസ്കോയിലെ അപ്പാർട്ട്മെന്റിൽ അവായെവിന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൂവർക്കും വെടിയേറ്റിരുന്നു.

 മേയ് 8 - അലക്സാണ്ടർ സബോട്ടിൻ

ലൂക്കോയിലിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ. മിറ്റിഷ്‌ചിലെ ഒരു മന്ത്രവാദിയുടെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൃദയാഘാതമായിരുന്നു മരണ കാരണം. മൃതദേഹം കണ്ടെത്തിയതിന് തലേദിവസം മദ്യപിച്ച നിലയിലാണ് സബോട്ടിൻ ഈ വീട്ടിലേക്ക് എത്തിയതെന്ന് സാക്ഷി മൊഴി. തവളയുടെ വിഷം ഉള്ളിലെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.