
ലക്‌നൗ: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് പെൺകുട്ടികളെ മോട്ടോർ സൈക്കിളിലെത്തിയ ചിലർ ചേർന്ന് തട്ടിക്കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങൾ ഒരു മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ പിന്നീട് കണ്ടെത്തി. ഉത്തർപ്രദേശിലെ ലഘിംപൂരിലാണ് സംഭവം. പട്ടാപ്പകലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നും ബൈക്കിലെത്തിയ ചിലരാണ് കൊണ്ടുപോയതെന്നും കുട്ടികളുടെ അമ്മ പരാതിപ്പെട്ടു. അതേസമയം മരണകാരണം അറിയാൻ മൃതദേഹങ്ങൾ ഉടൻ പോസ്‌റ്റ്‌മോർട്ടം നടത്തുമെന്നും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പ്രദേശത്തെ പ്രധാന ഹൈവേകളെല്ലാം ഉപരോധിച്ചു. എന്നാൽ പെൺകുട്ടികളുടെ മരണത്തിന്റെ കാരണം എത്രയും വേഗം കണ്ടെത്തുമെന്നും നീതി വേഗം തന്നെ നടപ്പാക്കുമെന്നും പൊലീസ് നാട്ടുകാർക്ക് ഉറപ്പ് നൽകി.
സംഭവത്തിൽ സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശ് സർക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ചു. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും യോഗി സർക്കാരിന് കീഴിൽ അക്രമികൾ യഥേഷ്‌ടം സഞ്ചരിക്കുകയാണെന്നും അമ്മമാർക്കും പെൺകുട്ടികൾക്കും പീഡനമേൽക്കുന്നത് അപലപനീയമാണെന്നും അവർ അഭിപ്രായപ്പെട്ടു.
തെറ്റായ പരസ്യങ്ങൾ മാദ്ധ്യമങ്ങളിൽ നൽകിയാൽ നിയമവാഴ്‌ച നന്നാകില്ലെന്നും യുപിയിൽ എന്തുകൊണ്ട് സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ചോദിച്ചു.