dead

ലക്‌നൗ: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് പേരെ തട്ടിക്കൊണ്ടുപോയി കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. 15, 17 വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞദിവസം മോട്ടോർ സൈക്കിളിലെത്തിയ അയൽഗ്രാമത്തിലുള്ള ചിലർ ചേർന്നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഒരു മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ലഖിംപൂർഖേരിയിലെ കരിമ്പിൻ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പ്രദേശത്തെ പ്രധാന ഹൈവേകളെല്ലാം ഉപരോധിച്ചു. സംഭവത്തിൽ സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശ് സർക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ചു. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും യോഗി സർക്കാരിന് കീഴിൽ അക്രമികൾ യഥേഷ്‌ടം സഞ്ചരിക്കുകയാണെന്നും അമ്മമാർക്കും പെൺകുട്ടികൾക്കും പീഡനമേൽക്കുന്നത് അപലപനീയമാണെന്നും അവർ അഭിപ്രായപ്പെട്ടു.

തെറ്റായ പരസ്യങ്ങൾ മാദ്ധ്യമങ്ങളിൽ നൽകിയാൽ നിയമവാഴ്‌ച നന്നാകില്ലെന്നും യുപിയിൽ എന്തുകൊണ്ട് സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ചോദിച്ചു.