arrest

ഹരിപ്പാട് : ബീഫ് ഫ്രൈ നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു ( കുളിര് വിഷ്ണു, 29 ), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം ഹരിപ്പാട് മറുതാ മുക്കിന് സമീപമുള്ള തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ പാഴ്സൽ വാങ്ങിപ്പോകുമ്പോൾ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണുവിനാണ് (26) മർദ്ദനമേറ്റത്. കാറിലെത്തിയ കുളിരു വിഷ്ണുവും ആദർശും വിഷ്ണുവിനെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും പണമില്ലെന്ന് പറഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ എതിർത്തപ്പോഴാണ് പ്രതികൾ വിഷ്ണുവിനെ മർദ്ദിച്ചത്. മർദനമേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാം കുമാർ, എസ്.ഐ ഗിരീഷ്, സി.പി.ഒ നൗഷാദ്, അനീഷ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.