skin

കാൻസർ ഇന്ന് സർവസാധാരണമാണ്. വൈദ്യശാസ്ത്രം ഏറെ വികസിച്ചതിനാൽ തുടക്കത്തിൽ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ നൽകിയാൽ രോഗം എളുപ്പത്തിൽ ഭേദമാക്കാൻ കഴിയും. പക്ഷേ, പലരും രോഗം തിരിച്ചറിയുന്നത് ഏറെ വൈകിയാണെന്നാണ് ദുഃഖകരമായ വസ്തുത.

ഇങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഒന്നാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ. മെലനോമ, ബേസൽ സെൽ കാർസിനോമ, സ്‌ക്വാമസ് സെൽ കാർസിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങളാണ് മനുഷ്യനെ ബാധിക്കുന്നത്. ശരീരത്തിൽ ഇവയുടെ ലക്ഷണങ്ങൾ തുടക്കത്തിലേ പ്രകടമാവുമെങ്കിലും പലരും ഇത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.

നമ്മുടെ രഹസ്യ ഭാഗങ്ങളിൽ ഉൾപ്പടെ കാണുന്ന കാക്കപ്പുള്ളികൾ പോലും കാൻസറിന്റെ ലക്ഷണമാവാം എന്നാണ് ഡാേക്ടർമാർ പറയുന്നത്. അതിനാൽ തലയോട്ടി, മുഖം, ചുണ്ടുകൾ, ചെവികൾ, നെഞ്ച്, കൈകാലുകൾ, ജനനേന്ദ്രിയ ഭാഗങ്ങൾ, കാൽവിരലുൾക്ക് താഴെയുള്ള ഭാഗം എന്നിവിടങ്ങൾ പതിവായി നിരീക്ഷിക്കുക. അസാധാരണമായ പാടുകളോ നിറവ്യത്യാസമോ കാണുകയോ, അവ കൂടുതൽ നാൾ നീണ്ടുനിൽക്കുകയോ ചെയ്താൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. വലുതോ ആഴത്തിലുള്ളതോ ആയ മുഖക്കുരുപോലും ശ്രദ്ധിക്കേണ്ടതാണ്.

എല്ലാ പാടുകളും കാൻസർ ആകണമെന്നില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും പ്രത്യേകം ഓർക്കേണ്ടത്. സ്കിൻ കാൻസർ നേരത്തേ കണ്ടുപിടിച്ചാൽ അഞ്ചുവർഷത്തെ അതിജീവന നിരക്ക് 99ശതമാനമാണെന്നാണ് അമേരിക്കയിലെ സ്കിൻ കാൻസർ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.

മെലനോമ ശരീരത്തിൽ എവിടെയും ഉണ്ടാവാം. ത്വക്കിന് നിറം നൽകുന്ന കോശങ്ങളിൽ നിന്നാണ് ഇത് വികസിക്കുന്നത്. സാധാരണ ഗതിയിൽ പുരുഷന്മാരിൽ നെഞ്ചിലും മുതുകിലുമാണ് ഈ കാൻസർ കാണുന്നത്. സ്ത്രീകളിൽ ഇത് കാലുകളിലാണ് കൂടുതൽ കാണപ്പെടുന്നത്.

ബേസൽ സെല്ലുകൾ എന്ന് വിളിക്കപ്പെടുന്ന എപ്പിത്തീലിയത്തിന്റെ ആഴത്തിലുള്ള പാളിയിലെ കോശങ്ങളിലാണ് ബേസൽ സെൽ കാർസിനോമ വികിസിക്കുന്നത്. സ്ക്വാമസ് സെൽ ക്യാൻസർ എപ്പിഡെർമിസിന്റെ പുറം ഭാഗത്തുള്ള കോശങ്ങളെയാണ് ബാധിക്കുന്നത്. ഹാനികരമായ അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്ന ശരീരഭാഗങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.