
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ക്ര്യൂ റൊട്ടേഷൻ തുടങ്ങുന്നതിന്റെ ഭാഗമായി ബഹിരാകാശ സഞ്ചാരി സമാന്ത ക്രിസ്റ്റോഫൊറെട്ടി നിലയത്തിന്റെ ആദ്യ യൂറോപ്യൻ വനിതാ കമാൻഡറായി ചുമതലയേൽക്കുന്നു. ഒക്ടോബറിലാണ് ക്ര്യൂ-5 എത്തുന്നത്. പര്യവേഷണം 67ന്റെ ക്ര്യൂ അംഗമായ റഷ്യൻ ബഹിരാകാശയാത്രികൻ ഒലെഗ് ആർട്ടെമിയേവിൽ നിന്നാണ് സമാന്ത ചുമതല ഏറ്റെടുക്കുന്നത്.
ബഹിരാകാശ നിലയത്തിലെ അഞ്ചാമത്തെ യൂറോപ്യൻ കമാൻഡർ ആവുകയാണ് സമാന്ത. ഏപ്രിലിൽ എത്തിയതുമുതൽ നിലയത്തിലെ അമേരിക്കൻ വിഭാഗത്തെ നയിക്കുകയായിരുന്നു ഇവർ. അമേരിക്ക, യൂറോപ്പ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിലെ നിലയത്തിന്റെ പ്രവർത്തനങ്ങളും സമാന്ത ഏകോപിപ്പിക്കുകയായിരുന്നു.
Show me how you spin on Earth! #Spinning #Physics #SpaceTok #MissionMinerva @esa @esaspaceflight pic.twitter.com/z8fiOFCPl3
— Samantha Cristoforetti (@AstroSamantha) July 9, 2022
സെപ്തംബർ 28ന് നടക്കുന്ന ചടങ്ങിലൂടെയാണ് സമാന്ത ചുമതല ഏറ്റുവാങ്ങുന്നത്. നാസ, റോസ്കോസ്‌മോസ്, ജാപ്പനീസ് സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് സ്റ്റേഷൻ, കനേഡിയൻ സ്പേസ് ഏജൻസി എന്നിവർ സംയുക്തമായാണ് കമാൻഡറെ തിരഞ്ഞെടുക്കുന്നത്. ക്ര്യൂവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, ഭൂമിയിലെ സഹപ്രവർത്തകരുമായി ഫലപ്രദമായ ആശയവിനിമയം നടത്തുക, അടിയന്തരമായ സാഹചര്യങ്ങളിൽ ക്രൂ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവയാണ് കമാൻഡറുടെ പ്രധാന ചുമതലകൾ.