
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മന്ത്രിമാർ വിദേശത്ത് പോകുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മന്ത്രിമാർ വിദേശത്ത് പോകാതിരുന്നാൽ സംസ്ഥാനത്തിലെ സാമ്പത്തിക പ്രതിസന്ധി തീരുമോയെന്ന് അദ്ദേഹം ചോദിച്ചു. മഞ്ഞുമലയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ പോകുന്നില്ലേ അതുപോലെയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ലോകത്തിൽ ഒരുപാട് സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രം വളരുന്നു, പരീക്ഷണങ്ങൾ നടക്കുന്നു, അറിവുകൾ കൂടുകയാണ്. ഒരുപാട് വികസനപ്രവർത്തനങ്ങൾ ലോകമെമ്പാടും നടക്കുകയാണ്. ഇങ്ങനെയുണ്ടാകുന്ന പുതിയ കണ്ടുപിടുത്തങ്ങൾ പഠിക്കാനും അവ മാതൃകയാക്കി കേരളത്തെ ഉയർത്തിക്കൊണ്ടുവരാനുമാണ് മന്ത്രിമാർ വിദേശയാത്രകൾ നടത്തുന്നത്. ഇതിലൊന്നും ഒരു തെറ്റുമില്ല. പണ്ടത്തെ പോലെയല്ലല്ലോ, ഇപ്പൊ രണ്ട് മണിക്കൂർ മതി ദുബായിലെത്താൻ. ഇന്നത്തെ കാലഘട്ടം അതാണ്. ലോകത്തെക്കുറിച്ച് നമ്മളെല്ലാം പഠിക്കണം. എല്ലാ വളർച്ചയെ കുറിച്ചും മനസിലാക്കണം. ഓരോ രാജ്യവും നേരിടുന്ന പ്രതിസന്ധിയുടെയും അഭിവൃദ്ധിയുടെയും കാരണം അറിയണം. ഇതെല്ലാം കണ്ടുപഠിച്ച് കേരളത്തെ വളർത്തിയെടുക്കുന്നത് നല്ലതാണ്. ഇന്നലെ പത്രത്തിൽ മഞ്ഞുമലയെക്കുറിച്ച് ഒരു പ്രധാന വാർത്ത ഉണ്ടായായിരുന്നു. ശാസ്ത്രജ്ഞന്മാർ പോയില്ലേ അതിനെക്കുറിച്ച് പഠിക്കാൻ. അതുപോലെയാണ് ഇതും. നമ്മൾ വെറുതേ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. മന്ത്രിമാർ പോകാതിരുന്നാൽ കേരളത്തിലെ പ്രതിസന്ധി തീരുമോ? ഒരുപാട് ചിന്തിക്കുന്നവരുള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തിന്റെ വളർച്ചയെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുത്.'- ഇ പി ജയരാജൻ പറഞ്ഞു.