car

ലക്‌നൗ: ചെയ്ത ജോലിയ്ക്ക് കൂലി നൽകാത്തതിന്റെ പ്രതിഷേധത്തിൽ മുതലാളിയുടെ ആഡംബര കാർ പട്ടാപ്പകൽ നടുറോഡിൽ കത്തിച്ച് യുവാവ്. ഉത്തർപ്രദേശിലെ നോയിഡയിൽ സദാർപൂരിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഒരു കോടി രൂപയുടെ മെർസിഡസ് ബെൻസ് കാറാണ് യുവാവ് കത്തിച്ചത്.

സംഭവത്തിന് പിന്നാലെ കാർ കത്തിച്ച നിർമാണ കരാറുകാരനും ബീഹാർ സ്വദേശിയുമായ രൺവീർ (40) അറസ്റ്റിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞത് വൈറലായിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് രൺവീർ അറസ്റ്റിലായത്.

#Noida मिस्त्री ने दिखाया बदला लेने की परम्परा है उसके यहाँ

मिस्त्री ने मर्सिडीज कार में आग लगा दी।

कार मालिक ने अपने घर में टाइल्स लगवाए लेकिन पैसे पूरे नहीं दिए थे।

मिस्त्री ज़रूर पूर्वांचल का होगा !#ViralVideo @Uppolice #UttarPradesh @myogiadityanath @PankajSinghBJP pic.twitter.com/nkX0PB4t4O

— Aviral Singh (@aviralsingh7777) September 14, 2022

2019 മുതൽ രൺവീറും കാറുടമയും പ്രോപ്പ‌ട്ടി ബിൽഡറുമായ ആയുഷ് ചൗഹാനും ഒരുമിച്ച് ജോലിചെയ്യുകയായിരുന്നു. വീടുകളിൽ ടൈൽ ഇടുന്ന പണിക്കായിരുന്നു രൺവീറിനെ ആയുഷ് ജോലിക്കായി എടുത്തത്. പണിയുടെ കൂലിയായി ആയുഷ് 2,68,000 രൂപ രൺവീറിന് നൽകാനുണ്ടായിരുന്നു. രണ്ടുവർഷമായി നൽകാത്ത കൂലിയുടെ പേരിൽ ഇരുവരും തമ്മിൽ ഇടയ്ക്കിടെ വാക്കുതർക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതികാരമായാണ് ആയുഷിന്റെ സദാർപൂരിലെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന കാർ രൺവീർ കത്തിച്ചത്. ഇയാൾ ബൈക്കിൽ എത്തുന്നതും കാറിന് സമീപത്തായി അൽപ്പം മാറി വാഹനം നിർത്തിയതിന് ശേഷം വണ്ടിയിൽ നിന്ന് ഒരു ദ്രാവകം എടുത്ത് കാറിൽ ഒഴിച്ച് കത്തിക്കുന്നതും പിന്നാലെ ബൈക്കെടുത്ത് കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, രൺവീറിന് കൊടുക്കാനുള്ള പണം നൽകിക്കഴിഞ്ഞെന്നും ഇനി നൽകാൻ ബാക്കിയില്ലെന്നും ആയുഷ് പൊലീസിനെ അറിയിച്ചു. ആയുഷ് പണം കൊടുക്കാനുള്ളതായി രൺവീർ പരാതിയൊന്നും നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയ്ക്ക് മുൻപിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിലേയ്ക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.