killer

ഭോപ്പാൽ: കുറ്റവാളികളെ നന്നാക്കാനാണ് ജയിലിൽ താമസിപ്പിക്കുന്നത്. പോക്കറ്റടിക്കാർ മുതൽ കൊലപാതകികളും മോഷ്ടാക്കളും വരെ കുറ്റവാളികളുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ ഒരു തടവുപുള്ളി ജയിലിൽ എത്തിയതോടെ ജയിൽ ജീവനക്കാരും അന്തേവാസികളും ഉൾപ്പെടെയുള്ളവരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.വെറും സാധാരണക്കാരനല്ല ഈ പ്രതി. 72 മണിക്കൂറിനുള്ളിൽ ഉറങ്ങിക്കിടന്ന നാലുപേരെ ഒരുകാരണവുമില്ലാതെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 19 കാരനായ ശിവപ്രസാദ് ധുർവെ എന്ന കൊടുംക്രിമിനലാണ് കക്ഷി. ഭോപ്പാലിലെ സാ​ഗർ ജയിലിലാണ് ധുർവെയെ ഇപ്പോൾ റിമാന്റിൽ പാർപ്പിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം തടവുകാരാണ് ഇവിടെയുള്ളത്.

ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരായിരുന്നു ധുർവെയുടെ ഇരകൾ. മരണവെപ്രാളത്തിൽ ഇരകളുടെ ഞരക്കങ്ങളും മൂളലുമാെക്കെ ഇയാൾ നന്നായി ആസ്വദിക്കുകയും ചെയ്യും. ഇതറിഞ്ഞതോടെയാണ് ജയിൽ ജീവനക്കാരുടെയും തടവുകാരുടെയും ഉറക്കം നഷ്ടമായത്. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ തങ്ങളും ധുർവെയ്ക്ക് ഇരകളായി മാറിയേക്കാം എന്നതായിരുന്നു അവരുടെ പ്രധാന ഭയം. പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് ജീവനക്കാരെയും തടവുകാരെയും ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലായതോടെ ധുർവെയെ ഏകാന്ത തടവിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

മറ്റൊരു ദുരന്തത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് കണ്ടതോടെയാണ് ധുർവെയെ ഏകാന്തതടവിലേക്ക് മാറ്റിയതെന്നാണ് ജയിൽ സൂപ്രണ്ട് പറയുന്നത്. കുറച്ചുദിവസം ഇയാളെ നിരീക്ഷിച്ചശേഷം പ്രശ്നമില്ലെന്ന് ബോദ്ധ്യമായാൽ സാധാരണ സെല്ലിലേക്ക് മാറ്റിയേക്കും എന്ന സൂചനയും അദ്ദേഹം നൽകി. സാധാരണ ഏകാന്ത തടവുകാരെ താമസിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായാണ് ധുർവെയെ താമസിപ്പിച്ചിരിക്കുന്നത്. ചെറിയ മുറിയിൽ ഫാൻ നൽകിയിട്ടില്ല. എന്നാൽ അറ്റാച്ച്ഡ് ടോയ്‌ലെറ്റുണ്ട്. ഭക്ഷണം നൽകിയശേഷം എത്രയും പെട്ടെന്ന് കഴിപ്പിക്കും. ഉടൻതന്നെ പാത്രങ്ങൾ മുറിയിൽ നിന്ന് നീക്കം ചെയ്യും. ഒന്നിലധികം ഗാർഡുമാർ ചേർന്നാണ് ഇത് ചെയ്യുന്നത്. ഒരാൾ മാത്രമാണെങ്കിൽ ധുർവെ ചിലപ്പോൾ ആക്രമിച്ചേക്കും എന്ന ഭയത്താലാണിത്.

ഒരാഴ്ചയോളം ഭോപ്പാലിലെ സാ​ഗർ ന​ഗരത്തിലെ താമസക്കാരുടെയും പൊലീസിന്റെയും ഉറക്കംകെടുത്തിയ വ്യക്തിയാണ് ധുർവെ. നഗരത്തിൽ പലയിടത്തായി ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാർ തലതകർന്ന് ക്രൂരമായി കൊല്ലപ്പെട്ടതോടെ ജനങ്ങൾ ഭയന്നുവിറച്ചു. നാലുപേരെയും ഒന്നിനുപുറകേ ഒന്നായാണ് കൊന്ന് തള്ളിയത്. പ്രതിക്കുവേണ്ടി പൊലീസ് നഗരം അരിച്ചുപെറുക്കുമ്പോഴും കൊലപാതകങ്ങൾ തുടർന്നുകാെണ്ടിരുന്നു. ഒടുവിൽ അഞ്ചാമത്തെ കൊലപാതകം നടത്താൻ ഒരുങ്ങുന്നതിനിടെ ധുർവെ പിടിയിലായി.

ഇത്രയൊക്കെ ക്രൂരനാണെങ്കിലും എപ്പോഴും പുഞ്ചിരിക്കുന്ന മുഖമായിരുന്നു അയാൾക്ക്. കൊലപാതകങ്ങളെക്കുറിച്ച് പൊലീസിനോട് വിവരിക്കുന്നതും പുഞ്ചിരിച്ചുകൊണ്ടായിരുന്നു. കോടതിയിലേക്കുള്ള വഴിയിൽ ധുർവെ പുഞ്ചിരിച്ചുകൊണ്ട് വിജയ ചിഹ്നം ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. കെജിഎഫ്-2ലെ 'റോക്കി ഭായി'യുടെ ആശയങ്ങളും പെരുമാറ്റരീതികളും തനിക്ക് പ്രചോദനമായെന്നും പൊലീസുകാരാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ധുർവെ പറഞ്ഞിരുന്നു. തനിക്ക് പ്രശസ്തനാകാൻ ആഗ്രഹമുണ്ടെന്നും അയാൾ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ജയിൽ ജീവനക്കാരുടെ ഭയം കൂട്ടാൻ ഇടയാക്കി.

ഇക്കഴിഞ്ഞ മൂന്നിനായിരുന്നു ധുർവെയെ സാഗർ ജയിലിലേക്ക് കൊണ്ടുവന്നത്. അതോടെയാണ് പൊടിപ്പുംതൊങ്ങലും വച്ച് ധുർവെയുടെ കഥകൾ ജയിലിനുള്ളിൽ പ്രചരിച്ചത്, എത്രയുംവേഗം ധുർവെയുടെ വിചാരണ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.