
പാമ്പുകൾക്കും വേണം എ സി. അഹമ്മദാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് ഈ അവസ്ഥ. ഇവിടത്തെ ഫ്ളാറ്റുകളിലെയും വീടുകളിലെയും എസിയുടെ ഔട്ടർ യൂണിറ്റുകളിലാണ് പാമ്പുകളുടെ വാസം. വിഷമില്ലാത്തും ഉള്ളതുമായ നിരവധി പാമ്പുകളെയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എസിക്കുള്ളിൽ നിന്ന് തങ്ങൾ രക്ഷിച്ചതെന്നാണ് പാമ്പുപിടിത്തക്കാർ പറയുന്നത്. എസിക്കുള്ളിൽ പാമ്പുകളെ കണ്ടുഎന്നുപറഞ്ഞ് ദിവസവും പത്തിലധികം ഫോൺകോളുകൾ എത്താറുണ്ടെന്നും അവർ വ്യക്തമാക്കി.
മൺസൂൺ എത്തിയതോടെയാണ് പാമ്പുകൾ എസികൾക്കുള്ളിലേക്ക് കയറിയത്. മഴക്കാലമായതോടെ എസികളുടെ ഉപയോഗം കുറഞ്ഞതാണ് ഇതിനുംകാരണം. ഓഫാക്കിയിട്ടിരിക്കുന്ന എ സിയുടെ ഔട്ടർ യൂണിയിറ്റുകളിൽ പക്ഷികളും തവളകളും താമസമാക്കും. പക്ഷികളുടെ മുട്ടതിന്നാനും തവളകളെ പിടിക്കാനും എത്തുന്ന പാമ്പുകളാണ് ഉള്ളിൽ കുടുങ്ങുന്നത്. കൂടുതലും വിഷമില്ലാത്ത ഐറ്റങ്ങളെയാണ് .
എസികൾക്കൊപ്പം ഫ്രിഡ്ജുകൾക്കുള്ളിൽ നിന്നും വാഷിംഗ് മെഷീനിൽ നിന്നും പാമ്പുകളെ പിടികൂടുന്ന സംഭവവും പതിവാണെന്നാണ് പാമ്പുപിടിത്തക്കാർ പറയുന്നത്. മഴക്കാലത്ത് പാമ്പുകളുടെ വാസസ്ഥാനത്തേക്ക് മഴവെള്ളം ഒലിച്ചെത്തുമ്പോഴാണ് സുരക്ഷിത ഇടം എന്നുകരുതി ഫ്രിഡ്ജുകൾക്കുള്ളിലും വാഷിംഗ് മെഷീനുള്ളിലും കയറിപ്പറ്റുന്നതെന്നാണ് അവർ പറയുന്നത്. ഫ്ളാറ്റുകളിൽ താഴത്തെ നിലയിലെ താമസക്കാരുടെ ഗൃഹോപകരണങ്ങളിലാണ് പാമ്പുകളെ കൂടുതലായും കാണുന്നത്. കാറിനുള്ളിൽ പാമ്പുകളെ കാണുന്നതും പതിവായിട്ടുണ്ട്.