 
കൊടും ക്രൂരത ദളിത് ബാലികമാരോട്
ആറു പ്രതികൾ അറസ്റ്റിൽ
ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കുടിലിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ആറു പ്രതികൾ അറസ്റ്റിൽ. ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കി 17ഉം 15ഉം വയസുള്ള ദളിത് പെൺകുട്ടികൾ കൊടും ക്രൂരതയ്ക്കിരയായത്. ഇന്നലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലഖിംപൂർ ഖേരിയിൽ നിഘാസാൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടികളുടെ കുടിലിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കരിമ്പിൻ പാടത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ടമാനഭംഗത്തിനുശേഷം ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
ജുനൈദ്, സൊഹൈൽ, ഹഫീസുൾ,കരിമുദ്ദീൻ, ആരിഫ്, ഛോട്ടു എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ജുനൈദിനെ ഏറ്റുമുട്ടലിൽ വലതു കാലിൽ വെടിവച്ച് വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും ബൈക്കും പിടിച്ചെടുത്തു.
പോസ്റ്റ് മോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബന്ധുക്കൾ ആദ്യം വിസമ്മതിച്ചു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ ചെയ്യുമെന്ന് യു. പി സർക്കാർ പ്രഖ്യാപിച്ചതോടെയാണ് അവർ അയഞ്ഞത്.
സംഭവത്തെ തുടർന്ന് ഗ്രാമീണർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യു. പിയിൽ ദളിത് സ്ത്രീകളോടുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ ബി. ജെ.പി സർക്കാർ മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബി. എസ്. പിയും ആരോപിച്ചു.
അമ്മ പറഞ്ഞത്
. അയൽക്കാരൻ ഛോട്ടുവിനൊപ്പം ബൈക്കുകളിലെത്തിയ മൂന്നു പേർ കുടിലിൽ കയറി മക്കളെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ബുധനാഴ്ച രാത്രി നിഘാസാൻ പൊലീസ് സ്റ്റേനിൽ അമ്മ പരാതി നൽകി. . എതിർത്ത തന്നെ തൊഴിച്ചുവീഴ്ത്തി. തിരക്കി നടന്ന ബന്ധുക്കൾ മരത്തിൽ തൂങ്ങിനിൽക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. പ്രതികളുമായി തന്റെ മക്കൾക്ക് ഒരു ബന്ധവും ഇല്ലായിരുന്നെന്നും പരാതിയിൽ പറയുന്നു.
ലഖിംപൂർ ഖേരി എസ്.പി പറഞ്ഞത്
ഛോട്ടു പെൺകുട്ടികളുടെ അയൽക്കാരനാണ്. ഇയാളാണ് മുഖ്യപ്രതികളായ ജുനൈദിനും സൊഹൈലിനും പെൺകുട്ടികളെ പരിചയപ്പെടുത്തിയത്. ഇരുവരും പെൺകുട്ടികളുമായി അടുപ്പത്തിലായി. ബുധനാഴ്ച ഉച്ചയ്ക്ക് എത്തിയ പ്രതികൾ പെൺകുട്ടികളെ കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോയി. ജുനൈദും സൊഹൈലും മാനഭംഗപ്പെടുത്തി. അതോടെ ഇരുവരോടും തങ്ങളെ വിവാഹം ചെയ്യണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടു. അതിൽ രോഷാകുലരായ പ്രതികൾ ഹഫീസുളിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് കരിമുദ്ദീനെയും ആരിഫിനെയും വിളിച്ചുവരുത്തി മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കി. ജുനൈദും സൊഹൈലും കുറ്റം സമ്മതിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
എന്റെ മക്കളെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി കൊന്നു. പ്രതികളെ തൂക്കിലേറ്റണം. എനിക്ക് നീതി വേണം.
---പെൺകുട്ടികളുടെ പിതാവ്