
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡോയിൽ വിൽക്കുന്ന രണ്ടാമത്തെ വലിയ രാജ്യമെന്ന പട്ടം മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം റഷ്യയെ പിന്നിലാക്കി വീണ്ടും സൗദി അറേബ്യ പിടിച്ചെടുത്തു. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഇറക്കുമതി രാജ്യമായ ഇന്ത്യ ആഗസ്റ്റിൽ ആകെ പ്രതിദിനം 8.63 ലക്ഷം ബാരൽ ക്രൂഡോയിൽ സൗദി അറേബ്യയിൽ നിന്ന് വാങ്ങി. ജൂലായേക്കാൾ 4.8 ശതമാനം അധികമാണിത്.
മൂന്നാംസ്ഥാനത്തേക്ക് വീണ റഷ്യയിൽ നിന്നുള്ള ഇറക്കുമതി 2.4 ശതമാനം കുറഞ്ഞ് പ്രതിദിനം 8.55 ലക്ഷം ബാരലായിരുന്നു. പ്രതിദിനം 8.95 ലക്ഷത്തിലേറെ ബാരലുമായി ഇറാക്കാണ് ഒന്നാംസ്ഥാനത്ത്. നാലാംസ്ഥാനത്ത് യു.എ.ഇ. അഞ്ചാംസ്ഥാനം കുവൈറ്റിനെ പിന്തള്ളി കസാക്കിസ്ഥാൻ നേടി. അമേരിക്കയാണ് ഏഴാമത്.
59.8%
ഇന്ത്യയിലേക്കുള്ള എണ്ണയിൽ സൗദി അറേബ്യയുടെ വിഹിതം ഉയർന്നെങ്കിലും സൗദി നയിക്കുന്ന ഒപെക് രാഷ്ട്രങ്ങളുടെ വിഹിതം 59.8 ശതമാനമായി താഴ്ന്നു. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ചയാണിത്. അഫ്രിക്കയിൽ നിന്നുള്ളത് 4.3 ശതമാനവും ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളത് 5.3 ശതമാനവുമാണ്. 16 ശതമാനമാണ് റഷ്യയുടെ പങ്ക്.
4.45 മില്യൺ
ആഗസ്റ്റിൽ ആകെ പ്രതിദിനം 4.45 മില്യൺ ബാരൽ ക്രൂഡോയിൽ ഇന്ത്യ ഇറക്കുമതി ചെയ്തു. ജൂലായേക്കാൾ 4.1 ശതമാനം കുറവാണിത്. അഞ്ചുമാസത്തെ താഴ്ചയുമാണ്.