azad-rauf

ലാഹോർ: ഐ.സി.സി എലൈറ്റ് പാനലിൽ അംഗമായിരുന്ന പാകിസ്ഥാനി അമ്പയർ ആസാദ് റൗഫ് (66) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.2006ൽ ഐ.സി.സിയുടെ എലൈറ്റ് പാനലിലെത്തിയ റൗഫ് 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20-കളും നിയന്ത്രിച്ചിട്ടുണ്ട്. 2013വരെ എലൈറ്റ് പാനലിലുണ്ടായിരുന്നു.

1998ൽ അമ്പയറിംഗ് കരിയർ ആരംഭിച്ചറൗഫ് 2000ത്തിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിൽ നടന്ന ഏകദിന മത്സരത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. 2013-ലെ ഐ.പി.എൽ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്ന് കേട്ടതോടെ റൗഫിന്റെ കരിയർ പ്രതിസന്ധിയിലായി. പിന്നീട് ഒരു തുണിക്കട നടത്തുകയായിരുന്നു.

പാകിസ്ഥാനിലെ അറിയപ്പെടുന്ന ഫസ്റ്റ് ക്ലാസ് കളിക്കാരൻ കൂടിയായിരുന്നു റൗഫ്. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3423 റൺസും 40 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 611 റൺസും നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും 26 അർദ്ധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. നാഷണൽ ബാങ്ക് ഓഫ് പാകിസ്ഥാൻ, പാകിസ്ഥാൻ റെയിൽവേ ടീമുകൾക്കായും കളിച്ചു.

കഴിഞ്ഞരാത്രി ലാഹോറിലെ ലാൻഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ബന്ധുക്കൾ അറിയിച്ചു.