rohan

സേലം : ദുലീപ് ട്രോഫി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ച് യുവ മലയാളി ബാറ്റർ രോഹൻ എസ്. കുന്നുമ്മൽ. ഇന്നലെ നോർത്ത് സോണിനെതിരെ സേലത്ത് തുടങ്ങിയ മത്സരത്തിൽ സൗത്ത് സോണിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹൻ 225 പന്തുകളിൽ 143 റൺസ് നേടിയാണ് മടങ്ങിയത്. ദുലീപ് ട്രോഫിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമാണ്

രോഹൻ. 2002-03 സീസണിൽ 95 റൺസ് നേടിയ ശ്രീകുമാരൻ നായരുടെ പേരിലായിരുന്നു ഇതിനുമുള്ള മലയാളി താരത്തിന്റെ മികച്ച സ്കോർ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൗത്ത് സോൺ ആദ്യ ദിനം കളിനിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തിട്ടുണ്ട്. ഇന്ത്യൻ ഓപ്പണർ മായാങ്ക് അഗർവാളിനൊപ്പമാണ് രോഹൻ ബാറ്റിംഗിനിറങ്ങിയത്. 102 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 49 റൺസെടുത്ത മായാങ്ക് മടങ്ങിയതിന് ശേഷമെത്തിയ ഇന്ത്യൻ ടെസ്റ്റ് താരം ഹനുമ വിഹാരി(107*)ക്കൊപ്പം രോഹൻ 167 റൺസാണ് കൂട്ടിച്ചേർത്തത്. നേരിട്ട 172–ാമത്തെ പന്ത് സിക്സിന് പറത്തിയായിരുന്നു സെഞ്ച്വറി നേട്ടം. 16 ബൗണ്ടറികളും രണ്ട് സിക്സുകളും രോഹൻ പറത്തി. ഒടുവിൽ മുൻ ഇന്ത്യൻ താരം നവ്ദീപ് സെയ്നിയുടെ പന്തിൽ രോഹൻ ബൗൾഡാകുകയായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ശേഷമുള്ള ആറ് ഇന്നിംഗ്സുകളിൽ രോഹന്റെ നാലാം സെഞ്ച്വറിയാണിത്.

രഞ്ജി ട്രോഫിയിലായിരുന്നു മറ്റ് മൂന്നു സെഞ്ചറികളും.