rajesh

ഒല്ലൂർ (തൃശൂർ): തൈക്കാട്ടുശ്ശേരി നായ്ക്കൻകുന്ന് കള്ളുഷാപ്പിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഗൃഹനാഥൻ മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തയ്ക്കൽ വീട്ടിൽ റപ്പായിയുടെ മകൻ ജോബി (41) ആണ് മരിച്ചത്. പ്രതി തൈക്കാട്ടുശേരി പാമ്പുങ്കൽ വീട്ടിൽ രാജേഷിനെ (ആട് രാജേഷ് -31) ഒല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച രാവിലെ 9.30ഓടെ ഷാപ്പിലുണ്ടായ വാക്കുതർക്കത്തിന് ശേഷം പുറത്തുള്ള കനാൽ തിണ്ടിൽ ഇരിക്കുകയായിരുന്ന ജോബിയെ രാജേഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും മുതുകിലും കുത്തേറ്റ ജോബിയെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്കുശേഷം മരിച്ചു.

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അറിയുന്നു. ഷാപ്പിൽ ജോബി എത്തുന്ന സമയം മുൻകൂട്ടിയറിഞ്ഞ് എത്തുകയായിരുന്നു പ്രതി. എടക്കുന്നി ആരുകുളങ്ങരയിൽ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെ അയൽവാസിയായ യുവതിയെ വീട് കയറി ആക്രമിച്ച കേസിലും മറ്റു നിരവധി കേസുകളിലും പ്രതിയാണ് രാജേഷെന്ന് പൊലീസ് പറഞ്ഞു. ജോബിയുടെ ഭാര്യ: ആൻസി. മക്കൾ: എബി, ഏഞ്ചോ, ഏഞ്ചലിൻ.