exports

ന്യൂഡൽഹി: കയറ്റുമതി വളർച്ച കുറയുന്നതിനിടെ വ്യാപാരക്കമ്മി ഇരട്ടിയിലധികമായി വർദ്ധിക്കുന്നത് കേന്ദ്രത്തിനും ബിസിനസ് ലോകത്തിനും ആശങ്കയാകുന്നു. കഴിഞ്ഞമാസം കയറ്റുമതി വളർന്നത് 1.6 ശതമാനമാണ്. 3,392 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. ഇറക്കുമതി 37.28 ശതമാനം ഉയർന്ന് 6,190 കോടി ഡോളറായി.

ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ആഗസ്‌റ്റിൽ 2,798 കോടി ഡോളറാണ്. 2021 ആഗസ്‌റ്റിൽ 1,171 കോടി ഡോളറും കഴിഞ്ഞ ജൂലായിൽ 3,000 കോടി ഡോളറുമായിരുന്നു. പെട്രോളിയം ഉത്‌പന്നങ്ങൾ (22.76 ശതമാനം), കെമിക്കൽസ് (13.47 ശതമാനം), ഔഷധം (6.76 ശതമാനം), ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ (50.83 ശതമാനം) എന്നിവ കഴിഞ്ഞമാസം കയറ്റുമതി വളർച്ച നേടി.

എൻജിനിയറിംഗ് ഉത്പന്നങ്ങൾ (-14.19 ശതമാനം), ജെം ആൻഡ് ജുവലറി (-2.98 ശതമാനം), വസ്ത്രം (-0.34 ശതമാനം), കോട്ടൺ നാര് (-32.17 ശതമാനം) എന്നിവ ഇടിവ് നേരിട്ടു. ഇറക്കുമതിയിൽ കൽക്കരി (133.6 ശതമാനം), പെട്രോളിയം (87.4 ശതമാനം) എന്നിവ കുതിച്ചുയർന്നത് വ്യാപാരക്കമ്മി കൂടാനിടവരുത്തി.

കൂടുന്ന കമ്മിഭാരം

നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ കയറ്റുമതി 17.68 ശതമാനം ഉയർന്ന് 19,351 കോടി ഡോളറിലും ഇറക്കുമതി 45.74 ശതമാനം വർദ്ധിച്ച് 31,800 കോടി ഡോളറിലുമെത്തി. ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 5,378 കോടി ഡോളറിൽ നിന്നുയർന്ന് 12,452 കോടി ഡോളറായി.

തളരുന്ന കയറ്റുമതി

ഈ വർഷത്തെ കയറ്റുമതി വളർച്ചാനിരക്ക്:

 ഏപ്രിൽ : 30.70%

 മേയ് : 20.55%

 ജൂൺ : 23.52%

 ജൂലായ് : 2.14%

 ആഗസ്‌റ്റ് : 1.62%