pic

സ്‌​റ്റോക്ക്‌‌ഹോം: തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ മഗ്‌ദലേന ആൻഡേഴ്സൺ രാജിവച്ചു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികളാണ് ജയിച്ചത്. മോഡറേറ്റ് പാർട്ടി നേതാവ് ഉൾഫ് ക്രിസ്റ്റേഴ്സൺ അടുത്ത പ്രധാനമന്ത്രിയായേക്കും.

വലതുപക്ഷ പാർട്ടിയായ മോഡറേറ്റ് പാർട്ടി സഖ്യം 176 സീറ്റ് നേടിയപ്പോൾ മഗ്‌ദലേനയുടെ മദ്ധ്യ - ഇടതുപക്ഷ സഖ്യത്തിന് 173 സീറ്റുകളാണ് ലഭിച്ചത്. അതേസമയം, 107 സീറ്റുകൾ നേടി മഗ്ദലേനയുടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതുവരെ 99 ശതമാനം വോട്ടുകളാണ് എണ്ണിയത്. വീണ്ടും വോട്ടെണ്ണിയ ശേഷമേ അന്തിമ ഫലം സ്ഥിരീകരിക്കൂ.

മഗ്‌ദലേനയുടെ രാജിക്കത്ത് പാർലമെന്റ് സ്‌പീക്കർ ഇന്നലെ സ്വീകരിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ മഗ്ദലേന കാവൽ പ്രധാനമന്ത്രിയായി തുടരും. കഴിഞ്ഞ വർഷം നവംബറിലാണ് 55 കാരിയായ മഗ്‌ദലേന പ്രധാനമന്ത്രിയായത്.