ukraine

കീവ്: ഖാർക്കീവിൽ നേരിട്ട തിരിച്ചടിക്ക് പ്രതികാരമായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുടെ ജന്മനാടായ ക്രിവി റിയിലെ ഡാം റഷ്യ തകർത്തു.

നഗരത്തിലെ പ്രധാന അണക്കെട്ടായ കരാചുനിവ്‌സ്കീയും വാട്ടർ പമ്പിംഗ് സ്റ്റേഷനുമാണ് എട്ട് ക്രൂസ് മിസൈലുകളയച്ച് റഷ്യ തകർത്തത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന് പിന്നാലെ പ്രദേശത്തെ പാലങ്ങൾ ഒലിച്ചു പോയി. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തെക്കൻ നഗരമായ ക്രിവി റിയിലെ ചില ഭാഗങ്ങളിൽ നിന്ന് ജനം ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഡാമിലെ വെള്ളം വന്നതോടെ സമീപത്തെ ഇൻഹുലെറ്റ്സ് നദി കരകവിഞ്ഞെങ്കിലും ഇന്നലെ താഴാൻ തുടങ്ങിയിട്ടുണ്ട്. ഏതാനും വീടുകളിൽ വെള്ളം കയറി.

ഡാമിനോട് ചേർന്ന ജലവിതരണ സംവിധാനങ്ങളും മറ്റും പുനഃസ്ഥാപിക്കുകയാണ്. ഖാർക്കീവിന് പിന്നാലെ ഖേഴ്സണിലടക്കം തങ്ങൾ നടത്തുന്ന മുന്നേറ്റം തടയാൻ റഷ്യ നടത്തിയ നീചമായ ആക്രമണമാണിതെന്ന് സെലെൻസ്‌കി പ്രതികരിച്ചു. ഖേഴ്സന്റെ ചില ഭാഗങ്ങളിലേക്കും ക്രിവി റിയിലെ വെള്ളപ്പൊക്കം എത്തിയിട്ടുണ്ട്. ഇത് ഖേഴ്സണിലെ മുന്നേറ്റത്തെ ബാധിച്ചേക്കുമോ എന്നാണ് യുക്രെയിൻ സൈന്യത്തിന്റെ ആശങ്ക.