
പുരുഷ ടെന്നിസിൽ സൗന്ദര്യക്കാഴ്ചകളുടെ സദ്യയൊരുക്കിയ മാന്ത്രികനായിരുന്നു റോജർ ഫെഡറർ. പ്രായവും പരിക്കും തളർത്തിയ ആ മനുഷ്യൻ ഓരോതവണയും കോർട്ടിലിറങ്ങുമ്പോൾ ജയപരാജയങ്ങൾക്ക് അപ്പുറത്ത് ആ ബാക് ഹാൻഡ് ഷോട്ടുകളുടെ ചാരുത ആസ്വദിക്കാൻ വെമ്പുകയായിരുന്നു ടെന്നിസ് ആരാധകർ. തന്റേതുമാത്രമായ കേരളീശൈലികൊണ്ട് രണ്ട് പതിറ്റാണ്ടുകളോളം ലോക ടെന്നിസിൽ ചരിത്രം രചിച്ചു റോജർ ഫെഡററർ എന്ന സ്വിറ്റ്സർലൻഡുകാരൻ.
റോജർ ഫെഡറർ,റാഫേൽ നദാൽ,നൊവാക് ജോക്കോവിച്ച് ...ഈ ത്രിമൂർത്തികളാണ് 2000ത്തിന് ശേഷം പുരുഷ ടെന്നീസ് അടക്കി ഭരിച്ചത്. ആദ്യ കാലഘട്ടത്തിൽ റോജറിന്റെ തേർവാഴ്ചയായിരുന്നു. അവിടേക്ക് കാളക്കൂറ്റന്റെ കരുത്തുമായി നദാൽ വന്നു. എന്നാൽ കളിമൺ കോർട്ടിലായിരുന്നു നദാലിന്റെ കേളീമികവ്. വിംബിൾഡണിന്റെ പുൽത്തകിടിയിലും ആസ്ട്രേലിയൻ ഓപ്പണിന്റെയും യു.എസ് ഓപ്പണിന്റെയും ഹാർഡ് കോർട്ടുകളിലും റോജർ രാജാവായി വാണു. പിന്നീട് അവിടേക്ക് നൊവാക്ക് ജോക്കോവിച്ച് എത്തി. അങ്ങനെയാണ് 2010ന് ശേഷം പുരുഷ ടെന്നീസ് വീര്യമേറിയതായി മാറിയത്.
14 ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയ പീറ്റ് സാംപ്രസിന്റെ റെക്കാഡ് ആദ്യം മറികടന്നത് ഫെഡററാണ്. ആദ്യം 20ഗ്രാൻസ്ളാമുകൾ നേടിയതും ഫെഡറർ തന്നെ. എന്നാൽ പിറകെ വന്നവർ ഫെഡററെ മറികടന്ന് മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറിച്ചുവർഷങ്ങളായി കാണുന്നത്. പ്രായം ഫെഡററുടെ പഴയ വീര്യം ചോർത്തിത്തുടങ്ങിയതാണ് പല ഗ്രാൻസ്ളാം ടൂർണമെന്റുകളിലും കിരീടത്തിന് തൊട്ടടുത്ത് പിടിവിട്ടു വീഴാൻ കാരണമായത്. കരുത്ത് ചോർന്നെങ്കിലും തന്റെ കേളീശൈലിയുടെ സൗന്ദര്യം കൈവിടാതിരിക്കാൻ അവസാനസമയം വരെ ഫെഡറർ പ്രയത്നിച്ചു.
2003ൽ മീശ മുളയ്ക്കാത്തപ്രായത്തിൽ കന്നി വിംബിൾഡൺ കിരീടമുയർത്തിയ പയ്യനിൽ നിന്ന് ഇരുപത് ഗ്രാൻസ്ളാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായി മാറുമ്പോഴും ഫെഡറർ വിട്ടുകളയാതിരുന്ന ഒന്നുണ്ട്;വിനയം. കിരീടനേട്ടങ്ങൾ ഓരോന്നും കണ്ണീരോടെ മാത്രം അയാൾ ഏറ്റുവാങ്ങിയപ്പോൾ ആരാധകഹൃദയങ്ങളും തരളിതമായി. എതിരാളികളോടുള്ള വീര്യം കളിക്കളത്തിൽ മാത്രം. പുറത്ത് നിർമലമായൊരു ഹൃദയത്തിന്റെ ഉടമ. അതായിരുന്നു ഫെഡറർ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ഓർമ്മിപ്പിക്കുന്ന നിഷ്കളങ്കത. ഫെഡററുടെ വലിയ ആരാധകനായിരുന്നു സച്ചിൻ എന്നത് മറ്റൊരു കൗതുകം.
ദീർഘനാളായി പരിക്ക് അലട്ടുമ്പോഴും കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഫെഡറർ സ്വപ്നം കണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ്  ഒരു വർഷത്തോളമായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന 41കാരനായ ഫെഡറർ തിരിച്ചുവരവിന് ശ്രമിച്ചിരുന്നെങ്കിലും പരിക്ക് അനുവദിക്കാത്തതിനാലാണ് വിരമിക്കാൻ തീരുമാനിച്ചത്.
20 ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള സ്വിറ്റ്സർലാൻഡ് താരം കഴിഞ്ഞ വർഷത്തെ വിംബിൾഡണിലാണ് അവസാനമായി മത്സരിച്ചത്.അന്ന് ക്വാർട്ടറിൽ പുറത്തായതിന് ശേഷമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മാസങ്ങളോളം വിശ്രമിച്ച ശേഷം പരിശീലനം പുനരാരംഭിച്ചെങ്കിലും പഴയപോലെ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പോടെ കളിക്കളത്തോട് വിടപറയാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച യു.എസ് ഓപ്പണിലൂടെ വനിതാ ഇതിഹാസതാരം സെറീന വില്യംസ് വിരമിച്ചിരുന്നു. ടെന്നിസിന്റെ സുവർണകാലത്തെ രണ്ട് ഇതിഹാസങ്ങളുടെ വിടപറച്ചിലിനാണ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്. റോജർ ഫെഡറർ എന്ന ഇതിഹാസം കളിക്കളത്തിൽ പീലിയേഴും വിരിച്ച് നിറഞ്ഞാടുന്നത് ഒരിക്കൽക്കൂടി കാണാൻ നമുക്ക് ഭാഗ്യമുണ്ട്. നന്ദി ഫെഡറർ, ഓർമ്മകളിൽ നിന്ന് ഒരിക്കലും വേരറ്റുപോകാത്ത ഒരുനൂറ് മനോഹരമുഹൂർത്തങ്ങൾ സമ്മാനിച്ചതിന്...
8 വിംബിൾഡൺ കിരീടങ്ങൾ
2003,2004,2005,2006,2007,2009,2012,2017
6 ആസ്ട്രേലിയൻ ഓപ്പൺ
2004,2006,2007,2010,2017,2018
5 യു.എസ് ഓപ്പൺ
2004,2005,2006,2007,2008
1 ഫ്രഞ്ച് ഓപ്പൺ
2009
310 ആഴ്ചകൾ ലോക ഒന്നാം റാങ്ക് താരമായിരുന്നു. ഇതിൽ 237 ആഴ്ചകൾ തുടർച്ചയായി ആ സിംഹാസനത്തിലിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പരിക്കുകൾ എന്റെ കരിയറിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. എന്നിട്ടും വീണ്ടും കളിക്കളത്തിലേക്ക് വരാൻ ഞാൻ കഠിനമായി പരിശ്രമിച്ചു.പക്ഷേ 41വയസിലെത്തിയ എന്റെ ശരീരം അതിന് കഴിയില്ലെന്ന് വ്യക്തമായ സൂചനയാണ് നൽകിയത്. കഴിഞ്ഞ 24 വർഷത്തിനിടെ 1500ലധികം മത്സരങ്ങളിൽ ഞാൻ കളിച്ചു. ഞാൻ സ്വപ്നം കണ്ടതിലേറെ നേടാൻ ടെന്നീസിലൂടെ എനിക്ക് കഴിഞ്ഞു. ഇനി ഞാൻ മതിയാക്കുകയാണ്. കഴിഞ്ഞ 24 വർഷങ്ങൾ 24മണിക്കൂർ പോലെയാണ് എനിക്ക് തോന്നുന്നത്. ഈ യാത്രയിൽ എന്നോടൊപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി.
- ഫെഡററുടെ വിരമിക്കൽ കുറിപ്പിൽ നിന്ന്
ഫെഡറർ,താങ്കളുടെ ടെന്നിസ് ഒരു ബ്രാൻഡായിരുന്നു. അതിന്റെ ആരാധകരായിരുന്നു ഞങ്ങൾ. പതിയെ അത് ഞങ്ങൾക്ക് ഒരു ശീലമായി മാറി. ശീലങ്ങൾ ഒരിക്കലും വിരമിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്.
- സച്ചിൻ ട്വിറ്ററിൽ കുറിച്ചത്.