
ചിട്ടയായ പഠനം, സംശയങ്ങൾ അപ്പപ്പോൾ തീർക്കും, നിരന്തര റിവിഷൻ - ഐ.ഐ.ടികളിൽ പ്രവേശനത്തിനുള്ള ഇത്തവണത്തെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്ക് നേടിയ തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു ചീരംവേലിലിന്റെ വിജയരഹസ്യം അതാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മനസിൽ ചേക്കേറിയ ആഗ്രഹമാണ് ഈ വിജയത്തോടെ തോമസ് സാക്ഷാത്കരിച്ചത്. സംസ്ഥാന മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്കും ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 17ാം റാങ്കും 100 പെർസെന്റൈൽ മാർക്കുമാണ് തോമസ് നേടിയത്. ഇനി ബോംബെ ഐ.ഐ.ടിയിൽ കംപ്യൂട്ടർ എൻജിനീയറിംഗിന് ചേരാനാണ് തോമസ് ബിജുവിന്റെ തീരുമാനം.
 സ്വപ്‌നം യാഥാർത്ഥ്യമായത്
മുക്കോലയ്‌ക്കൽ സെന്റ് തോമസ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെ.ഇ.ഇ പരീക്ഷയെ കുറിച്ച് തോമസ് ബിജു അറിയുന്നത്. പത്രങ്ങളിലും മാതാപിതാക്കളിൽ നിന്നുമായിരുന്നു ഇത്. ഐ.ഐ.ടികളെ കുറിച്ച് അറിയാവുന്ന മാതാപിതാക്കൾ തോമസിനോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ ശ്രമിക്കാനായിരുന്നു തോമസിന്റെ തീരുമാനം. പരീക്ഷയ്‌ക്ക് യോഗ്യത നേടാനായില്ലെങ്കിലും പരിശ്രമിക്കുന്നതിന് തടസമില്ലെന്ന് തോമസും കരുതി. തുടർന്ന് സ്‌കൂൾ സമയത്തിന് ശേഷം രണ്ട് മണിക്കൂറോളം കവടിയാറിലെ മാത്ത് ഐ.ടിയിൽ ക്ലാസിന് ചേർന്നു. കൃത്യമായി ക്ലാസുകൾ ഫോളോ ചെയ്തു. സംശയമുണ്ടാകുമ്പോൾ ഉടനടി അദ്ധ്യാപകരിൽ നിന്ന് അതിന് നിവാരണം നടത്തി. വീട്ടിലെത്തിയ ശേഷവും പാഠഭാഗങ്ങൾ വീണ്ടും ഓർത്തെടുത്തു. വീണ്ടും സംശയം തോന്നിയപ്പോഴെല്ലാം വാട്‌സ് ആപ്പ് വഴിയും ഫോണിലൂടെയും അദ്ധ്യാപകരെ ബന്ധപ്പെട്ട ഉടനടി സംശയത്തിന് ഉത്തരം കണ്ടെത്തി.  മെയിനിനും അഡ്വാൻസ്ഡിനും ഒരേ പരിശീലനം സ്‌കൂൾ കാലത്ത് പഠനത്തിന് ഒന്നര മണിക്കൂർ മാത്രമെ തോമസ് ചെലവിടുമായിരുന്നുള്ളു. ജെ.ഇ.ഇ തയ്യാറെടുപ്പ് തുടങ്ങിയതോടെ ദിവസവും 10 മണിക്കൂർ പഠനത്തിനായി നീക്കിവച്ചു. എൻ.ഇസി.ഇ.ആർ.ടി സിലബസ് ആയിരുന്നതിനാൽ അതിൽ ഫോക്കസ് ചെയ്തായിരുന്നു പഠനവും.
 എല്ലാം കാണാതെ പഠിക്കില്ല
എല്ലാ വിഷയങ്ങളും കാണാതെ പഠിക്കുന്ന രീതി തോമസിനില്ല. കെമിസ്ട്രി, ഇൻഓർഗാനിക് കെമിസ്ട്രി പോലുള്ള വിഷയങ്ങൾ ആശയം മനസിലാക്കിയ ശേഷം ആവർത്തിച്ച് വായിച്ച് മനസിലുറപ്പിക്കും. ഫിസിക്‌സ്, കണക്ക് പോലുള്ളവ പ്രോബ്ളങ്ങൾ ചെയ്താണ് പരിശീലിച്ചത്. 10 വർഷം മുമ്പ് വരെ നടന്ന ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് പരീക്ഷകളുടെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചു. ഇത് തോമസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഒപ്പം കോച്ചിംഗ് സെന്ററിലെ മോക്ക് ടെസ്റ്റുകൾ എല്ലാം അറ്റൻഡ് ചെയ്തു. തെറ്റിയ ഉത്തരങ്ങൾ സ്വയം വീണ്ടും ചെയ്തുനോക്കി ശരിയിലേക്കെത്തി.
 ഇന്റർനെറ്റ് മരുന്നിന്, സോഷ്യൽ മീഡിയ കടക്ക് പുറത്ത്
ഇന്നത്തെകാലത്തെ കുട്ടികൾക്ക് എന്തിനും ഏതിനും ഇന്റർനെറ്റ് ആവശ്യമാകുമ്പോൾ തോമസ് അതിൽ നിന്ന് വ്യത്യസ്തനാണ്. സംശയങ്ങൾ ദൂരീകരിക്കുന്നതിനും അത്യാവശ്യ റഫറൻസുകൾക്കും മാത്രമാണ് തോമസ് ഇന്റർനെറ്റിനെ ആശ്രയിച്ചത്. അതും വളരെക്കുറച്ച് സമയം മാത്രം. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളെ തോമസ് അതിർത്തിക്ക് പുറത്തുനിറുത്തി. ആഴത്തിൽ മനസിലാക്കേണ്ട വിഷയങ്ങൾക്ക് സഹായകമായി കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ മാതാവ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എത്തിച്ചുനൽകി. പൂർണമായും റഫർ ചെയ്യേണ്ടവ അങ്ങനെ ചെയ്തു. മറ്റുള്ള പുസ്തകങ്ങൾ സംശയനിവാരണത്തിനും ഉപയോഗിച്ചു. കണക്കുകൾ ആവർത്തിച്ചാവർത്തിച്ച് ചെയ്താണ് പിഴയ്ക്കില്ലെന്ന് ഉറപ്പാക്കിയത്. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 98.2ഉം പ്ലസ്ടു പരീക്ഷയിൽ 99.4ഉം ശതമാനം മാർക്കും നേടിയിരുന്നു. വായനയും ചെസ്‌കളിയും പിയാനോ വായനയുമൊക്കെയാണ് വിനോദങ്ങൾ.
 തോമസിന്റെ വഴിയേ അനുജനും
തോമസിന്റെ നേട്ടത്തിൽ അഭിമാനിക്കുന്ന സഹോദരൻ പോൾ ബിജുവും ജ്യേഷ്ഠന്റെ പാത പിന്തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുമല വിശ്വപ്രകാശ് സ്‌കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ പോൾ ബിജുവും ജെ.ഇ.ഇയ്ക്കായി തീവ്രപരീശീലനം ആരംഭിച്ചിട്ടുണ്ട്. 2024ലെ പരീക്ഷയിൽ ഉന്നതവിജയം നേടുകയാണ് പോളിന്റെയും ലക്ഷ്യം.
 കുടുംബം കേശവദാസപുരം കാക്കനാട് ലെയ്ൻ 'കാവ്യാഞ്ജലി'യിലാണ് തോമസ് ബിജുവിന്റെ താമസം. വി.എസ്.എസ്.സിയിൽ എൻജിനിയറായ ആലപ്പുഴ മുട്ടാർ ചീരംവേലിൽ വേലിപ്പറമ്പിൽ ബിജു സി.തോമസിന്റെയും തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ അസി. പ്രൊഫസറായ പത്തനംതിട്ട മല്ലശേരിമുക്ക് റാവുർവീട്ടിൽ റീനി രാജന്റെയും മകനാണ്.