 
മുക്കം( കോഴിക്കോട് ): തൃശ്ശൂർ പാലപ്പിള്ളിയിലെ ജനവാസ മേഖലയിലിറങ്ങി നിരന്തരം ശല്യമുണ്ടാക്കിക്കൊണ്ടിരുന്ന കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ജീവനക്കാരൻ മരിച്ചു. കാട്ടാനകളെ തുരത്താൻ നിയോഗിച്ച ആർ.ആർ.ടി സംഘാംഗമായിരുന്ന കൂടരഞ്ഞി മുതുവമ്പായിയിലെ ഹുസൈൻ കൽപ്പൂർ (31) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹുസൈനിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേർന്ന ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളുമായി സംഘം അവിടെയെത്തിയത്. വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ആന പാപ്പാന്മാരുൾപ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകൾ ക്കൊപ്പമുണ്ടായിരുന്നത്. നാല് കുട്ടിയാനകളും അഞ്ച് കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടർ 89 ഭാഗത്ത് എത്തിയത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും തുരത്താൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തിൽ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിൽ കാട്ടാനക്കൂട്ടം കാടുകയറിയ ആശ്വാസത്തിൽ മടങ്ങുന്നതിനിടെ കൂട്ടത്തിലെ ഒരു ആന തിരിച്ചെത്തി ഹുസൈനെ ആക്രമിക്കുകയായിരുന്നു. പത്തു വർഷത്തോളമായി വനംവകുപ്പിലെ താത്കാലിക ജോലിക്കാരനാണ്. പിതാവ്: കാരമൂല കൽപ്പൂർ പാലൂർ ഇബ്രാഹിം. മാതാവ്: ഫാത്തിമ. ഭാര്യ: അൻഷിദ. മക്കൾ: അമ്‌ന ഷെറിൻ, ആഷിക് മുഹമ്മദ്. സഹോദരങ്ങൾ: നിസാർ, കരിം, സുബൈദ, പരേതയായ ഷെമീറ.