putin

തഷ്കെന്റ്: യുക്രെയിൻ വിഷയത്തിൽ സന്തുലിത സ്ഥാനം സ്വീകരിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്നലെ ഉസ്‌ബക്കിസ്ഥാനിലെ സമർഖണ്ഡിൽ തുടങ്ങിയ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്.സി.ഒ) 22-ാമത് ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ഇരുവരുടെയും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് പുട്ടിന്റെ പരാമർശം.

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരുവരുടെയും ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. യുക്രെയിൻ അധിനിവേശത്തിൽ ചൈനയ്ക്ക് ആശങ്കയും ചോദ്യങ്ങളുമുണ്ടെന്ന് മനസിലാക്കുന്നതായും പുട്ടിൻ പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ ചൈന ഇതുവരെ അധിനിവേശത്തിന്റെ പേരിൽ റഷ്യയെ കുറ്റപ്പെടുത്തിയിട്ടില്ല. തായ്‌വാൻ വിഷയത്തിൽ ചൈനയ്ക്ക് പുട്ടിൻ പിന്തുണ അറിയിക്കുകയും ചെയ്തു.

തായ്‌വാൻ കടലിടുക്കിൽ യു.എസും അവരുടെ ഉപഗ്രഹങ്ങളും നടത്തുന്ന പ്രകോപനങ്ങളെ അപലപിക്കുന്നതായി പുട്ടിൻ പറഞ്ഞു. വൻ ശക്തികളായി മാറാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് ഷീ പുട്ടിനോട് പറഞ്ഞു. ഷീ ബുധനാഴ്ചയും പുട്ടിൻ ഇന്നലെയുമാണ് ഉസ്ബക്കിസ്ഥാനിലെത്തിയത്.

പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായും പുട്ടിൻ ഇന്നലെ കൂടിക്കാഴ്ച നടത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ള പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്ക് റഷ്യയിൽ നിന്ന് വാതക വിതരണം നടത്താൻ കഴിയുമെന്ന് പുട്ടിൻ ഷെഹ്‌ബാസിനോട് പറഞ്ഞു.

പുട്ടിനും ഷീയും മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാഗിൻ ഖുറെൽസുഖും തമ്മിൽ ഊർജവിഷയത്തിൽ ഇന്നലെ ചർച്ച നടത്തി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, കിർഗിസ്ഥാൻ പ്രസിഡന്റ് സദൈർ ജപറോവ്, തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് സെർദർ ബെർഡിമുഹാമെഡോവ് എന്നിവരുമായും പുട്ടിൻ ഇന്നലെ ചർച്ച നടത്തി.

ഇന്നലെ രാത്രി സമർഖണ്ഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുട്ടിൻ ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ത്യ, റഷ്യ, ചൈന, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ എന്നീ എട്ടു രാജ്യങ്ങളിലെ തലവൻമാർ പങ്കെടുക്കുന്ന നിർണായക എസ്.സി.ഒ കൂടിക്കാഴ്ച ഇന്ന് നടക്കും.