putin

മോസ്കോ : റഷ്യയുടെ കരുത്തുറ്റ ഭരണാധികാരിയായ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് നേരെ നിരവധി തവണ വധശ്രമങ്ങൾ ഉണ്ടായെന്ന് പറയപ്പെടുന്നു. മുൻ ഇന്റലിജൻസ് ഓഫീസർ കൂടിയായ പുട്ടിനെ വകവരുത്താനായി നിരവധി പേർ കാത്തിരിക്കുന്നുണ്ട്. യുക്രെയിൻ ഡിഫൻസ് ഇന്റലിജൻസ് തലവൻ മേജർ ജനറൽ കിറൈലോ ബുഡനോവിന്റെ അവകാശവാദം ഉൾപ്പെടെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും പുട്ടിൻ വധശ്രമത്തെ അതിജീവിച്ചെന്ന് കരുതുന്നു. എല്ലാ തവണയും ഒരു പോറൽ പോലും ഏല്ക്കാതെ രക്ഷപെടാൻ പുട്ടിന് കഴിഞ്ഞു. ഇപ്പോൾ പുട്ടിന്റെ കാറിന് നേരെ ഉണ്ടായെന്ന് പറയപ്പെടുന്ന ആക്രമണം സംബന്ധിച്ച് തെളിവുകളോ ഔദ്യോഗിക സ്ഥിരീകരണമോ ഒന്നും ലഭ്യമല്ല. അതേ സമയം, പുട്ടിൻ നേരിട്ട വധശ്രമങ്ങളിൽ ചിലത് ഇവയാണ് ;

 2002 ജനുവരിയിൽ അസർബൈജാൻ സന്ദർശനത്തിനിടെ പുട്ടിനെ കൊല്ലാൻ പദ്ധതിയിട്ട ഒരു ഇറാക്ക് പൗരൻ പിടിയിലായിരുന്നു. ചെചൻ വിമത സേന, അഫ്ഗാനിസ്ഥാൻ എന്നിവയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. പുട്ടിനെ വധിക്കാനുള്ള സ്ഫോടക വസ്തുക്കൾ ഗൂഡാലോചനയിൽ പങ്കാളിയായ മറ്റൊരാൾക്ക് എത്തിക്കാനിരുന്ന ഇയാളുടെ പദ്ധതി സുരക്ഷാ സേന മനസിലാക്കുകയും ഇയാളെയും കൂട്ടാളിയേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവർക്കും പത്ത് വർഷം ജയിൽ ശിക്ഷ ലഭിച്ചു.

 2002ൽ തന്നെ നവംബറിൽ മറ്റൊരു വധശ്രമം പുട്ടിന് നേരെയുണ്ടായി. പുട്ടിന്റെ വാഹനം കടന്നുപോകേണ്ടിയിരുന്ന വഴിയിൽ 40 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അറ്റക്കുറ്റപ്പണിക്കാരെന്ന വ്യാജേന ഒരു സംഘം ആളുകൾ സ്ഥാപിച്ചതാണ് ഇതെന്ന് പറയപ്പെടുന്നു. എന്നാൽ, ഒരു മണിക്കൂറിന് ശേഷം സ്ഫോടക വസ്തുക്കൾ ദുരൂഹമായി അപ്രത്യക്ഷമായി. പുട്ടിന്റെ കാർ വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ ഇന്ന് റഷ്യൻ അധികൃതർ ഇതേ പറ്റി പ്രതികരിക്കാൻ തയാറാല്ലെന്ന് മാത്രമല്ല ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വരെ അവർ പറയുന്നുണ്ട്.

 2003 ഒക്ടോബറിൽ ബ്രിട്ടീഷ് പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് പുട്ടിനെതിരെയുള്ള വധശ്രമം തകർത്തിരുന്നു. പുട്ടിനെ വധിക്കാൻ പദ്ധതിയിട്ട രണ്ട് പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ ഒരു മുൻ റഷ്യൻ സീക്രട്ട് സർവീസ് ഏജന്റായിരുന്നു. പുട്ടിനെ വധിക്കാനുള്ള കരാർ മൂന്ന് വർഷം മുമ്പ് ബ്രിട്ടനിലെത്തിയ ഇവർക്ക് ഒരു അജ്ഞാത വ്യക്തി നൽകുകയായിരുന്നു. അന്ന് 40, 36 വീതം പ്രായമുണ്ടായിരുന്ന ഇരുവരെയും പൊലീസ് പിന്നീട് വിട്ടയച്ചു. പിന്നീട് കേസിൽ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല.

 2012ൽ ആഡം ഒസ്‌മയേവ് എന്ന ചെചൻ വിമതനെ റഷ്യൻ സ്പെഷ്യൽ ഫോഴ്സ് പിടികൂടി. ഇയാൾക്ക് യു.കെയുമായി ബന്ധമുണ്ടായിരുന്നു. യുക്രെയിനിലെ കരിങ്കടൽ തീരത്തെ തുറമുഖ നഗരമായ ഒഡേസയിൽ നിന്നാണ് ഇയാൾ പിടിയിലായത്. റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം പുട്ടിനെ മോസ്കോയിലെത്തി വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇയാൾ സമ്മതിച്ചിരുന്നു.