newyork

വാഷിംഗ്ടൺ : ലോകത്ത് ഏറ്റവും കൂടുതൽ കോടീശ്വരർ താമസിക്കുന്ന നഗരങ്ങൾ ഏതാണെന്ന് അറിയാമോ ?​ ന്യൂയോർക്ക്,​ ടോക്കിയോ,​ സാൻഫ്രാൻസിസ്കോ ബേ ഏരിയ എന്നിവയാണത്. സമ്പന്നരുടെ എണ്ണത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളാണ് ഈ നഗരങ്ങൾക്ക്. ഹെൻ‌ലി ആൻഡ് പാർട്‌ണേഴ്സ് ഗ്രൂപ്പ് എന്ന സ്വകാര്യ കമ്പനിയുടെ റിപ്പോർട്ട് പ്രകാരമാണിത്.

ഏറ്റവും കൂടുതൽ സമ്പന്നർ ജീവിക്കുന്ന ആദ്യ പത്ത് നഗരങ്ങളിൽ പകുതിയും യു.എസിലാണ്. ലണ്ടൻ നഗരത്തിന് പട്ടികയിൽ നാലാം സ്ഥാനമാണ്. സിംഗപ്പൂർ, ലോസ്ആഞ്ചലസ് - മാലിബു, ഷിക്കാഗോ, ഹൂസ്റ്റൺ എന്നിവ തൊട്ടുപിന്നിലുണ്ട്. ചൈനീസ് നഗരങ്ങളായ ബീജിംഗും ഷാങ്ങ്‌ഹായിയുമാണ് പട്ടികയിൽ ഒമ്പതും പത്തും സ്ഥാനങ്ങളിൽ.

അതേ സമയം, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും യു.എ.ഇയിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ഷാർജയിലും ഈ വർഷം സമ്പന്നരുടെ എണ്ണം ഗണ്യമായി ഉയർന്നെന്നാണ് കണക്ക്. അബുദാബിയും ദുബായിയും സമ്പന്നരുടെ എണ്ണം കൂടുന്ന നഗരങ്ങളുടെ പട്ടികയിലുണ്ട്.