
കൊച്ചി: ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാദങ്ങൾ തള്ളി സ്ഥലം എം എൽ എ. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻവർ സാദത്ത് എം എൽ എ വ്യക്തമാക്കി.
റോഡ് വികസനത്തിന് നാട്ടുകാർ എതിരല്ലെന്ന് അൻവർ സാദത്ത് പറഞ്ഞു. റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്‌ബിയും തമ്മിൽ തർക്കമില്ല. കുഴികൾ അടയ്ക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. 24 മീറ്ററും 14 മീറ്ററും തമ്മിൽ തർക്കമില്ല. റോഡിന് ആവശ്യമായ അലൈൻമെന്റ് തയ്യാറായിട്ടില്ല. മഴക്കാല മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച പറ്റി. മഴക്കാലത്തിന് മുൻപ് റീടാറിംഗ് നടത്തേണ്ടതുണ്ട്. കരാറുകാരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു. ബന്ധപ്പെട്ട അധികാരികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മരിച്ച യാത്രികന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എം എൽ എ പറഞ്ഞു.