bharat-jodo-yatra-

കൊല്ലം: രാഹുൽ ഗാന്ധി അടക്കമുള്ള ഭാരത് ജോഡോ യാത്രയുടെ സ്ഥിരം യാത്രികർക്ക് താമസിക്കാൻ സജ്ജമാക്കിയ കണ്ടെയ്നറുകൾ കൗതുക കാഴ്ചയായി. പള്ളിമുക്ക് യൂനുസ് കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന 60 കണ്ടെയ് നറുകൾ കാണാൻ നിരവധി പേരാണ് ഇന്നലെ എത്തിയത്.

രാഹുലിന്റേത് ഒഴികെയുള്ള കണ്ടെയ്നറുകളിൽ നാലു മുതൽ 12 കിടക്കകൾ വരെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകൾ ആശുപത്രിയായി സജ്ജീകരിച്ചിട്ടുണ്ട്. ഒരു ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും സ്ഥിരമായി യാത്രാ സംഘത്തോടൊപ്പമുണ്ട്. രാഹുൽ ഗാന്ധിയുടെ കണ്ടെയ്നറിൽ ഒരു കിടക്കയും ശുചിമുറിയും അനുബന്ധ സൗകര്യങ്ങളും മാത്രമാണുള്ളത്. സ്ത്രീകളുടെ കണ്ടെയ്നറിനുള്ളിൽ കക്കൂസുകളുണ്ട്. പുരുഷന്മാർക്ക് പ്രത്യേക കണ്ടെയ്നറിലാണ് കക്കൂസുകൾ.

യാത്രാ സംഘത്തിന്റെ മുഷിഞ്ഞ തുണി, കഴുകി ഇസ്തിരിയിട്ടു നൽകാനായി അലക്ക്ശാലായി പ്രവർത്തിക്കുന്ന വലിയ കണ്ടെയ്നർ യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രവർത്തകർ തമ്മിലുള്ള സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാനും ക്യാമ്പ് അന്തരീക്ഷം നിലനിർത്താനുമാണ് കണ്ടെയ്നറിലെ താമസം സജ്ജീകരിച്ചതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു.