
കൊച്ചി: കൊൽക്കത്തയിൽ നിന്ന് എറണാകുളം സൗത്തിലേക്ക് പ്രതിവാര സർവീസ് നടത്തുന്ന ഷാലിമാർ എക്സ്പ്രസിലെ അന്തവും കുന്തവുമില്ലാത്ത 'ചങ്ങലവലി' അധികൃതർക്ക് തലവേദനയാകുകയാണ്. ട്രെയിൻ സർവീസിന്റെയാകെ താളം തെറ്റിക്കുകയാണ് ഈ ട്രെയിനിലെ അന്യസംസ്ഥാന തൊഴിലാളികളായ യാത്രക്കാരുടെ നിയമം മറന്ന പ്രവൃത്തി.
പശ്ചിമബംഗാളിൽ നിന്നെത്തുന്ന എക്സ്പ്രസിന് തൃശൂർ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് എറണാകുളം സൗത്ത് ആണ്. യാത്രക്കാരിൽ ഭൂരിഭാഗവും പെരുമ്പാവൂർ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നവരാണ്. ആലുവയിലാണ് ഇവർക്ക് ഇറങ്ങേണ്ടത്. എന്നാൽ അവിടെ സ്റ്റോപ്പില്ലാത്തതിനാൽ അടുത്ത സ്റ്റേഷനായ കളമശേരിയിലേക്ക് എത്തുമ്പോൾ ചങ്ങല വലിച്ചു ട്രെയിൻ നിറുത്തിപ്പിക്കുന്നുവെന്നാണ് പരാതി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 240 ലേറെ പേർ ഇവിടെ ഇറങ്ങിയതായി ട്രെയിൻ ഗാർഡ് റെയിൽവേ സംരക്ഷണ സേനയെ (ആർ.പി.എഫ്) അറിയിച്ചു. മുമ്പും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഒറ്റപ്പെട്ട സ്റ്റേഷനായതിനാൽ ടി.ടി.ഇ മാർക്കും ഗാർഡിനും ഇവരെ തടയാൻ ഭയമാണ് .
അനധികൃതമായ ചങ്ങലവലി മൂലം ഷാലിമാർ മാത്രമല്ല ഇതിനുപിന്നാലെയുള്ള മറ്റു സർവീസുകളും വൈകുമെന്നു മാത്രമല്ല ലഹരികടത്തു സംഘങ്ങളും ക്രിമിനലുകളും ഈ അവസരം മുതലെടുക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു.
ആലുവയിൽ സ്റ്റോപ്പ് വേണം
അന്യസംസ്ഥാന തൊഴിലാളികൾക്കു വേണ്ടി ആരംഭിച്ച അന്ത്യോദയ ട്രെയിൻ സർവീസിൽപെട്ട ഷാലിമാർ തിങ്കളാഴ്ച മാത്രമാണ് സർവീസ് നടത്തുന്നത്. ബംഗാൾ, അസാം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നു കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ ആശ്രയമാണ് ഈ ട്രെയിൻ. തിങ്കളാഴ്ച രാവിലെ 6.30 നു സൗത്തിലെത്തുന്ന ട്രെയിൻ അന്നു രാത്രി 11.30 ന് ഇവിടെ നിന്നു മടക്കയാത്ര ആരംഭിക്കും. സിറ്റിംഗ് മാത്രമുള്ള ട്രെയിനിൽ റിസർവേഷൻ നിർബന്ധമാണ്.
ചങ്ങലവലിച്ചാൽ തടവും പിഴയും
അവശ്യ സന്ദർഭങ്ങളിൽ ട്രെയിൻ നിറുത്താനുള്ള ഏക മാർഗമാണ് 'ചങ്ങല വലി' എന്ന അപായ ചങ്ങലയുടെ ഉപയോഗം. ട്രെയിൻ സർവീസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയാത്തതിന് പ്രധാനകാരണം ചങ്ങലവലിയാണെന്ന് റെയിൽവേ മന്ത്രാലയം കണ്ടെത്തിയിരുന്നു. തക്കതായ കാരണമില്ലാതെ ചങ്ങലവലിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിന്റെ പേരിൽ 2021-22 ൽ സതേൺ റെയിൽവേ 1369 കേസുകളെടുത്തു. 1043 പേരെ അറസ്റ്റു ചെയ്തു. ഏഴര ലക്ഷം രൂപ പിഴയായി ഈടാക്കി.