
തൃക്കാക്കര: കഞ്ചാവ് ചെടിക്ക് ഫാൻ, വെളിച്ചത്തിന് എൽ.ഇ.ഡി ലൈറ്റുകൾ! കാക്കനാട് ഇൻഫോപാർക്കിന് സമീപം നിലംപതിഞ്ഞി മുകളിലെ അജന്ത അപ്പാർട്ട്‌മെന്റിൽ ഹൈടെക് കഞ്ചാവ് കൃഷി നടത്തിയതിന് പത്തനംതിട്ട കോന്നി സ്വദേശിയും യു.എഫ്.ഒ ടെക്നീഷ്യനുമായ അലൻ വി.രാജു(26), കായംകുളം സ്വദേശിയും ഇൻഫോപാർക്കിലെ ഓപ്പറേഷൻ എക്സിക്യുട്ടീവുമായ അപർണ റെജി (24) എന്നിവരെ ഡൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി.
എൻജിനിയർമാരായ ഇരുവരും എട്ടുമാസമായി ഈ ഫ്ളാറ്റിലാണ് താമസം. രണ്ടാം നിലയിലെ ബി ത്രീ അപ്പാർട്‌മെന്റിലെ അടുക്കളയിൽ ചട്ടിയിൽ പരിപാലിച്ച് വളർത്തിയ കഞ്ചാവ് ചെടിക്ക് ഒന്നര മീറ്റർ ഉയരമുണ്ടായിരുന്നു. നാലുമാസം വളർച്ച കണക്കാക്കുന്നു. ഇവർ യൂട്യൂബിൽ കഞ്ചാവിന്റെ പരിപാലനം അറിയാനായി സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പൊലീസിന് കിട്ടി. അപർണയ്ക്ക് ഇത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലെന്നാണ് അലന്റെ വാദം. കേസിൽ സാക്ഷിയാകാൻ പൊലീസ് വിളിച്ച സമീപ ഫ്ളാറ്റിലെ അന്തേവാസിയായ പത്തനംതിട്ട, മല്ലപ്പള്ളി കണ്ടെത്തി വീട്ടിൽ അമലി(28)നെതിരെയും പൊലീസ് കേസ് എടുത്തു. ഇയാളുടെ പരിഭ്രമം കണ്ട് പൊലീസ് ദേഹപരിശോധന നടത്തിയപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഇടച്ചിറ ഫ്ളാറ്റിലെ കൊലപാതകത്തെ തുടർന്ന് അപ്പാർട്ടുമെന്റുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ ലഹരി മരുന്ന് പരിശോധന തുടരുകയാണ്. ഇതിനിടെയാണ് കഞ്ചാവ് വളർത്തുന്നതിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻഫോപാർക്ക് സി.ഐ വിപിൻദാസ്, എസ്.ഐ ജെയിംസ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.