medical-tourism

കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം പൊലിഞ്ഞ ഇന്ത്യയുടെ മെഡിക്കൽ വാല്യു ടൂറിസം (ആരോഗ്യ ടൂറിസം) പ്രതിസന്ധികൾ അയഞ്ഞതോടെ ഉറ്റുനോക്കുന്നത് പുതിയ കുതിപ്പിന്. വികസിത രാജ്യങ്ങളെയും ചൈനയെയും അപേക്ഷിച്ച് കൊവിഡ് വ്യാപനം മികച്ചരീതിയിൽ നിയന്ത്രിച്ചതും വാക്‌സിൻ ഉത്‌പാദനത്തിലും വാക്‌സിനേഷനിലും കാഴ്ചവച്ച മികവും ആരോഗ്യ സേവനമേഖലയിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിൽ 40ഓളം ആശുപത്രികൾക്ക് ജോയിന്റ് കമ്മിഷൻ ഇന്റർനാഷണലിന്റെ (ജെ.സി.ഐ) അക്രഡിറ്റേഷനുണ്ട്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈ‌ഡേഴ്‌സ് (എൻ.എ.ബി.എച്ച്) അംഗീകൃത ആശുപത്രികൾ 500ലേറെയുമുണ്ട്. മികച്ച നിലവാരമുള്ള ചികിത്സ, സുരക്ഷ, മികവുറ്റ അടിസ്ഥാനസൗകര്യം എന്നിവയ്ക്കുള്ള അംഗീകാരമാണിത്.

കൂടുതൽ മെഡിക്കൽ വാല്യു ടൂറിസ്‌റ്റുകളെ ആകർഷിക്കാനായി ഇന്ത്യ 165 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ മെഡിക്കൽ വീസ നൽകുന്നുണ്ട്.ഈ രംഗത്ത് 'ബ്രാൻഡ് ഇന്ത്യ"യെ പ്രോത്സാഹിപ്പിക്കാൻ ആയുഷ് മന്ത്രാലയം കൂടുതൽ തുക വകയിരുത്തുന്നുമുണ്ട്.

ഇന്ത്യയുടെ മികവുകൾ

 വൈവിദ്ധ്യം: അലോപ്പതി,​ ആയുർവേദം,​ യുനാനി,​ സിദ്ധ,​ യോഗ,​ നാച്ചുറോപതി,​ ഹോമിയോപ്പതി തുടങ്ങിയ ചികിത്സാവൈവിദ്ധ്യങ്ങൾ.

 വൈദഗ്ദ്ധ്യം: രാജ്യാന്തര നിലവാരമുള്ള ആശുപത്രികളും അതിവിദഗ്ദ്ധരായ ഡോക്‌ടർമാരും നഴ്‌സുമാരും.

 കുറഞ്ഞ ചികിത്സാച്ചെലവ്: മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അമേരിക്കയിൽ 45,​000 ഡോളർ കൊടുക്കണം. ഇസ്രായേലിൽ 25,​000 ഡോളർ. ഇന്ത്യയിൽ 6,​000 ഡോളർ മതി.

ലക്ഷ്യങ്ങളും ഗുണവും

മുട്ടുമാറ്റിവയ്ക്കൽ,​ ഹൃദയശസ്ത്രക്രിയ,​ ഡെന്റൽകെയർ,​ യോഗ,​ ആയുർവേദ ചികിത്സ തുടങ്ങിയവയ്ക്കാണ് വിദേശ ആരോഗ്യസഞ്ചാരികൾ പ്രധാനമായും ഇന്ത്യയിലെത്തുന്നത്. ഇവർ കുടുംബസമേതമെത്തി ഏറെക്കാലം ഇന്ത്യയിൽ തങ്ങുമെന്നത് വിനോദസഞ്ചാരത്തിനും നേട്ടമാകുന്നു.

വരവും ചെലവും വരുമാനവും

2019ൽ 6.97 ലക്ഷം ആരോഗ്യസഞ്ചാരികൾ ഇന്ത്യയിലെത്തിയിരുന്നു. 2020ൽ 3.03 ലക്ഷത്തിലേക്കും 2021ൽ 1.82 ലക്ഷത്തിലേക്കും ഇടിഞ്ഞു. 2016ൽ 300 കോടി ഡോളറായിരുന്നു മെഡിക്കൽ ടൂറിസം വരുമാനം. 2018ൽ 400 കോടി ഡോളറായി. 2019ൽ 500-600 കോടി ഡോളറിലെത്തി. മികച്ച വളർച്ച പ്രതീക്ഷിച്ചിരിക്കേയാണ് കഴിഞ്ഞ രണ്ടുവർഷക്കാലം കൊവിഡിൽ പൊലിഞ്ഞത്. 1,​300 കോടി ഡോളറാണ് ഈവർഷത്തെ പ്രതീക്ഷ. ഓരോ ആരോഗ്യസഞ്ചാരിയും ശരാശരി ഇന്ത്യയിൽ ചെലവിടുന്ന പ്രതീക്ഷിതതുക:

 2016 : $68

 2021 : $125

 2027 : $208

10

2019ലെ കണക്കുപ്രകാരം ലോകത്തെ ആരോഗ്യസഞ്ചാരികൾ 1.40 കോടിയാണ്. ആരോഗ്യ ടൂറിസത്തിൽ 10-ാം സ്ഥാനത്താണ് ഇന്ത്യ. കാനഡയാണ് ഒന്നാമത്. സിംഗപ്പൂർ,​ ജപ്പാൻ,​ യു.എ.ഇ.,​ ഇസ്രായേൽ എന്നീ ഏഷ്യൻ ശക്തികളും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

കേരളത്തിനും കുതിപ്പാകും

ഇന്ത്യയിലേക്ക് കൂടുതൽ ആരോഗ്യസഞ്ചാരികളെത്തുന്നത് കേരളത്തിനും വലിയനേട്ടമാകും. ഇന്ത്യയിലെത്തുന്നവരിൽ 5-7 ശതമാനമാണ് 2016ൽ കേരളത്തിലേക്ക് വന്നിരുന്നത്. പ്രതിവർഷം 15-17 ശതമാനം വളർച്ച സഞ്ചാരികളുടെ എണ്ണത്തിൽ കേരളം കുറിച്ചിരുന്നു.

കേരളത്തിന്റെ കരുത്ത്

 ദേശീയ-അന്താരാഷ്‌ട്ര അംഗീകാരങ്ങളുള്ള 40ഓളം ആശുപത്രികൾ

 അതിവിദ്ധരായ ഡോക്‌ടർമാരും നഴ്‌സുമാരും

 ലോക ശ്രദ്ധയുള്ള വിനോദസഞ്ചാര കേന്ദ്രം

 കുറഞ്ഞ ചികിത്സാച്ചെലവ്

 ആയുർവേദം, യോഗ, ന്യൂറോപ്പതി

 രുചികരമായ ഭക്ഷണം, ആകർഷണീയമായ ആതിഥേയത്വം

 നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളും വിവിധ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്‌ടിവിറ്റിയും