
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അപ്പീൽ ഹൈക്കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷ ശരിവച്ചിരുന്നു.
'പലതവണ കോടതികൾ മാറിമാറി കയറിയിറങ്ങി. അവസാന നിമിഷമാണ് വിധിയിൽ പ്രതീക്ഷയുണ്ടായി തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരെല്ലാം പിന്തുണ നൽകി. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ട്. ആശുപത്രിക്കാരുടെ കുറ്റമാണ് മരണകാരണമെന്നടക്കം കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടന്നിരുന്നു. വധശിക്ഷയല്ല, ജയിലിൽ കിടന്ന് ശിക്ഷയനുഭവിച്ച് നരകിക്കണം എന്നായിരുന്നു ആഗ്രഹം. '- ജമന്തി പറഞ്ഞു.
2015 ജനുവരി 29ന് അറസ്റ്റിലായ നിഷാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമേ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചത്. ഗേറ്റ് തുറക്കാൻ വൈകിയതും, വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിഷാം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണ് കിടന്ന ഇയാളെ നിഷാം എഴുന്നേൽപ്പിച്ച് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്.