adani

 ഇഞ്ചോടിഞ്ച് മത്സരവുമായി അദാനിയും ബെർണാഡ് അർണോയും

കൊച്ചി: ഫോബ്‌സ് മാഗസിന്റെ റിയൽടൈം ലോക സമ്പന്ന പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി രണ്ടാംസ്ഥാനം സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. രണ്ടാംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ അദാനിക്കെതിരെ ഫ്രഞ്ച് ശതകോടീശ്വരനും ഫാഷൻ ബ്രാൻഡായ എൽ.വി.എം.എച്ചിന്റെ തലവനുമായ ബെർണാഡ് അർണോ ശക്തമായി രംഗത്തുണ്ട്.

ഓഹരിവ്യാപാര സമയത്ത്,​ ഇന്നലെ രാവിലെയാണ് ബെസോസിനെ പിന്നിലാക്കി അദാനി രണ്ടാംസ്ഥാനം പിടിച്ചെടുത്തത്. ഇന്ത്യൻ ഓഹരിവിപണിയിൽ വ്യാപാരം അവസാനിച്ച വൈകിട്ടോടെ അദാനി മൂന്നാമതായി; അർണോ രണ്ടാമതും.

ഇന്നലെ രാവിലെ 15,390 കോടി ഡോളർ ആസ്തിയുമായാണ് അദാനി രണ്ടാംസ്ഥാനത്തെത്തിയത്. 27,350 കോടി ഡോളർ ആസ്തിയുമായി ടെസ്‌ല സി.ഇ.ഒ എലോൺ മസ്കാണ് ഒന്നാമത്.

14,970 കോടി ഡോളർ ആസ്തിയുമായി ബെസോസ് നാലാംസ്ഥാനത്തായി. 15,370 കോടി ഡോളറായിരുന്നു അർണോയുടെ ആസ്തി. 10,530 കോടി ഡോളർ ആസ്തിയുമായി മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സാണ് അഞ്ചാമത്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി 9,190 കോടി ഡോളറുമായി എട്ടാമതുണ്ട്.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടത്തെ കണക്കുപ്രകാരം വെറും 90 കോടി ഡോളറിന്റെ അന്തരമേ അദാനിയും അർണോയും തമ്മിൽ ആസ്‌തിയിലുള്ളൂ. അർണോയ്ക്ക് 15,​350 കോടി ഡോളറും അദാനിക്ക് 15,​260 കോടി ഡോളറുമാണ് ആസ്തി.

മലയാളികളിൽ യൂസഫലി

ഫോബ്‌സ് റിയൽടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 512-ാംസ്ഥാനത്താണ്. 500 കോടി ഡോളറാണ് ആസ്തി. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യയും 822-ാംസ്ഥാനത്ത്; ആസ്തി 340 കോടി ഡോളർ. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഗോപാലകൃഷ്‌ണൻ 899-ാമതാണ്; ആസ്തി 320 കോടി ഡോളർ.