gautham-adani

ന്യൂഡൽഹി: ലോകസമ്പന്നരിൽ രണ്ടാമനായി ഉയ‌ർന്ന് ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻ ഗൗതം അദാനി. ഫ്രഞ്ച് ബിസിനസ്സ് മാഗ്നറ്റും ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയിസ് വിറ്റൺ എസ്ഇ- എൽ വി എം എച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനുമായ ബെർനാർഡ് അർനോൾട്ട്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരെ പിന്തള്ളിയാണ് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ ഗൗതം അദാനി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഫോർബ്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് അദാനിയുടെ പുതിയ നേട്ടം.

ഗൗതം അദാനിയുടെ സമ്പത്തിന്റെ മൂല്യം അഞ്ച് ബില്യൺ ഡോളർ ആയി കുതിച്ചുയർന്നതിന് പിന്നാലെയാണ് പട്ടികയിൽ ഉയർന്ന സ്ഥാനത്ത് എത്തിയത്. അദാനിയുടെ നിലവിലെ ആസ്തി ഏകദേശം 155.7 ബില്യൺ ഡോളറാണ്. ഏകദേശം 273.5 ബില്യൺ ഡോളർ ആസ്തി കണക്കാക്കുന്ന ടെസ്‌ല മേധാവി ഇലോൺ മസ്‌കാണ് ലോക സമ്പന്നരിൽ ഒന്നാമൻ.

ഇന്ത്യയിലെ തുറമുഖ വികസനത്തിലും പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് അദാനി ഗ്രൂപ്പ്. അതേസമയം ഭക്ഷ്യ ബിസിനസിലും അദാനി കൈവയ്ക്കാൻ ഒരുങ്ങുകയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഉപഭോക്തൃ വസ്തുക്കളിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് കോർപ്പറേറ്റ് ഭീമൻ റിലയൻസ് പ്രഖ്യാപനം നടത്തി ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ അറിയിപ്പുമായി അദാനി രംഗത്തെത്തിയത്.

ഗൗതം അദാനിയുടെ ഭക്ഷ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനമായ അദാനി വിൽമർ ലിമിറ്റഡ് ഭക്ഷ്യബിസിനസിലേയ്ക്ക് കടക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. അവശ്യ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ബ്രാൻഡുകളെയും വിതരണ കമ്പനികളെയും ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടക്കുന്നതായി അദാനി വിൽമർ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അംഗ്‌ഷു മാലിക് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക -വിദേശ ഏറ്റെടുക്കൽ നടത്താനൊരുങ്ങുന്നുവെന്നും വിവരമുണ്ട്.