
ട്രെയിനിൽ ദീർഘദൂരയാത്രയ്ക്കിടെ ബോഗിയുടെ രണ്ടറ്റത്തുമുള്ള, വാതിലിനടുത്തായി സീറ്റ് ലഭിക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. പ്രത്യേകിച്ച് ടോയ്ലറ്റിൽ നിന്നുമുള്ള ദുർഗന്ധം അസഹനീയമായിരിക്കും. എപ്പോഴും സീറ്റിനരികെ ബോഗിയുടെ പലഭാഗത്തുനിന്നുമുള്ള ആളുകൾ ടോയ്ലറ്റിൽ പോകുന്നതിനും, വെള്ളം എടുക്കുന്നതിനും, വാതിലിനരികെ നിൽക്കുന്നതിനുമായി എത്തുകയും ചെയ്യും. പ്രൈവസി ആഗ്രഹിക്കുന്നവർക്ക് ബോഗിയുടെ രണ്ടറ്റങ്ങളിലും യാത്ര ചെയ്യുന്നത് സുഖകരമായിരിക്കുക ഇല്ല. എന്നാൽ ടിക്കറ്റ് റിസർവ് ചെയ്യുന്ന സമയം കുറച്ച് ശ്രദ്ധിച്ചാൽ ഇതൊഴിവാക്കാനാവും. ആദ്യമായി ഇന്ത്യൻ റെയിൽവേയിലെ വിവിധ കോച്ചുകളെ പറ്റി അറിയാം.
എസി ഒന്നാം ക്ലാസ്
എച്ച് എന്ന കോഡിൽ അറിയപ്പെടുന്ന എസി ഒന്നാം ക്ലാസ് ട്രെയിനുകളിലെ ഉയർന്ന ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന കോച്ചാണ്. ഇതിൽ 24 പേർക്കാണ് യാത്ര ചെയ്യാനാവുക. കൂപ്പകളായി തിരിച്ചിരിക്കുന്നതിനാൽ യാത്രികർക്ക് പ്രൈവസി ഉറപ്പാക്കിയിരിക്കുന്നു. ആവശ്യമെങ്കിൽ കൂപ്പെകൾ അടച്ച് പൂട്ടാനും കഴിയും. കൂപ്പെകളെ പ്രധാന വാതിലുമായി ബന്ധിപ്പിക്കുന്ന ഒരു നീണ്ട നടപ്പാതയും ഈ ബോഗികളുടെ പ്രത്യേകതയാണ്.
ടു ടയർ എസി സ്ലീപ്പർ
എ എന്ന കോഡിൽ അറിയപ്പെടുന്ന ടു ടയർ എസി സ്ലീപ്പറിൽ 46 അല്ലെങ്കിൽ 54 ബെർത്തുകളാണ് ഉണ്ടാവുക. സ്വകാര്യതയ്ക്കായി കർട്ടനുകൾ ഉപയോഗിച്ച് സീറ്റുകളെയും നടപ്പാതയേയും വേർതിരിച്ചിട്ടുമുണ്ട്.
ത്രീ ടയർ എസി സ്ലീപ്പർ
ബി എന്ന കോഡിൽ അറിയപ്പെടുന്ന ത്രീ ടയർ എസി സ്ലീപ്പർ സാധാരണ സ്ളീപ്പർ ക്ലാസ് ബോഗിയുടെ ശീതീകരിച്ച പതിപ്പാണ്. ഓരോ കോച്ചിലും 64 ബെർത്തുകളാണുള്ളത്. ഗരീബ് രഥിൽ ഈ കോച്ചിന്റെ കോഡ് ജി എന്നാണ്. ഓരോ കോച്ചിലും 81 ബെർത്തുകൾ ഉണ്ടാവും.
സ്ലീപ്പർ ക്ലാസ്
എസ് എന്ന കോഡിൽ അറിയപ്പെടുന്ന സ്ലീപ്പർ ക്ലാസിൽ ഒരു ബോഗിയിൽ 72 പേർക്ക് യാത്ര ചെയ്യാനാവും. ഇവർക്ക് ഇരിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും ഇതിലുണ്ട്. ശീതീകരിച്ച കോച്ചുകളേക്കാൾ സ്ളീപ്പറിൽ യാത്ര ചെയ്യുന്നവരാവും ടോയ്ലറ്റുകൾക്ക് സമീപം ഇരിപ്പിടം ലഭിക്കുന്നതിലൂടെ ഏറെ ബുദ്ധിമുട്ടുന്നത്. കൂടാതെ വാതിലിന് സമീപം അനധികൃതമായി പ്രവേശിക്കുന്നവരും യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
ഈ കോച്ചുകൾക്ക് പുറമേ ഇരുന്ന് മാത്രം യാത്ര ചെയ്യാനായി പകൽ തീവണ്ടികളിൽ സെക്കന്റ് ക്ലാസ് സിറ്റിംഗ് സീറ്റുകളുള്ള ബോഗികളും, ഇതിന്റെ തന്നെ ശീതീകരിച്ച എസി ചെയർ കാർ എന്ന പേരിലുള്ള ബോഗികളിലും യാത്രകൾ ചെയ്യാനാവും. ഇനി സീറ്റുകൾ ബുക്ക് ചെയ്യുമ്പോൾ എങ്ങനെ ടോയ്ലറ്റിന്റെ അടുത്തുള്ള സീറ്റ് ഒഴിവാക്കാമെന്ന് അറിയാം.
ബസിലും, ഫ്‌ളൈറ്റിലും ഉള്ളതുപോലെ റിസർവേഷൻ സമയത്ത് ബോഗിയിൽ ഇഷ്ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനം റെയിൽവേയ്ക്ക് ഇല്ല. എന്നാൽ അപ്പർ ബെർത്ത് ഒഴിവാക്കാനുൾപ്പടെയുള്ള ചില മുൻഗണനകൾ ഉണ്ടാവും. ട്രെയിനിൽ ഓരോ ബോഗിയിലും സീറ്റുകൾ ഫിൽ ചെയ്യുന്നതിന് റെയിൽവേ ഒരു പാറ്റേൺ പിന്തുടരുന്നുണ്ട്. ഇത് മനസിലാക്കിയാൽ നമുക്ക് ടോയ്ലറ്റിന്റെ അടുത്തുള്ള സീറ്റ് ഒഴിവാക്കാൻ കഴിയും.
റിസർവേഷൻ മദ്ധ്യഭാഗത്ത് നിന്നും
ഓരോ കോച്ചിന്റെയും നടുക്കുഭാഗത്ത് നിന്നും ഇരു വശങ്ങളിലേക്കായാണ് ട്രെയിനിൽ റിസർവേഷൻ ആരംഭിക്കുന്നത്.
ഇത് കോച്ചുകളിൽ ലോഡ് തുല്യമായി നിലനിർത്തുന്നതിന് വേണ്ടിയുള്ള സംവിധാനമാണ്. മദ്ധ്യഭാഗത്തെ സീറ്റുകൾ നിറഞ്ഞ ശേഷമാണ് കോച്ചിന്റെ രണ്ടറ്റത്തേക്കുമുള്ള സീറ്റുകൾ അനുവദിക്കുന്നത്. അതിനാൽ രണ്ടറ്റത്തുമുള്ള സീറ്റുകൾ വേണ്ടെങ്കിൽ മുൻകൂട്ടി ആദ്യമേ സീറ്റുകൾ റിസർവ് ചെയ്യുകയാണ് ഒരു മാർഗം. നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ, കോച്ചിന്റെ മദ്ധ്യഭാഗത്ത്, ടോയ്ലറ്റുകളിൽ നിന്ന് വളരെ അകലെയുള്ള സീറ്റ് ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇനി സീറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അപ്പർ ബർത്ത് വേണമോ എന്നുള്ള മുൻഗണനകൾ തിരഞ്ഞെടുക്കാതിരിക്കുക.
ടോയ്ലറ്റുകളിൽ നിന്ന് അകലെ ട്രെയിൻ സീറ്റുകൾ വേണമെങ്കിൽ മുൻഗണനകൾ പൂരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ ചിലപ്പോൾ അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്താൽ പോലും കോച്ചിന്റെ മദ്ധ്യഭാഗത്ത് ടിക്കറ്റ് ലഭിച്ചേക്കാം. ഇതിന് കാരണം അവിടെ ടിക്കറ്റ് ലഭിച്ചവർ പിന്നീട് യാത്ര ക്യാൻസൽ ചെയ്തു എന്നാണ്. എന്നാൽ ഈ ഭാഗ്യം വിരളമായി മാത്രമേ ഉണ്ടാവുകയുള്ളു.