sensex

കൊച്ചി: ഇന്ത്യൻ ഓഹരിസൂചികകളും രൂപയും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് കനത്ത നഷ്‌ടത്തോടെ. ഒരുവേള 1,​247 പോയിന്റോളം ഇടിഞ്ഞ സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത് 1,​093 പോയിന്റ് നഷ്‌ടവുമായി 58,​841ൽ. 346 പോയിന്റിടിഞ്ഞ് 17,505ലാണ് നിഫ്‌റ്റി; ഒരുവേള നിഫ്‌റ്റി 17,​505വരെ താഴ്‌ന്നിരുന്നു.

അമേരിക്കയിൽ നാണയപ്പെരുപ്പം വീണ്ടും ഉയർന്നതിനാൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കൂട്ടുമെന്ന ഭീതിയാണ് നിക്ഷേപകരെ ഇന്നലെ ഓഹരികൾ വിറ്റൊഴിയാൻ പ്രേരിപ്പിച്ചത്. ലോകം വീണ്ടുമൊരു മാന്ദ്യത്തിന്റെ വക്കിലാണെന്ന ലോകബാങ്കിന്റെ അഭിപ്രായവും വലച്ചു.

രൂപ@79.74

ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 0.04 ശതമാനം നഷ്‌ടവുമായി 79.74ൽ. അഞ്ചാഴ്ചയ്ക്കിടെ രൂപയുടെ ഏറ്റവും മോശം പ്രകടനമാണിത്. മറ്റുകറൻസികൾക്കെതിരായ ഡോളറിന്റെ മുന്നേറ്റം, ഓഹരികളിൽ നിന്നുള്ള വിദേശനിക്ഷേപ നഷ്‌ടം എന്നിവയാണ് രൂപയെ വലച്ചത്.

നഷ്‌ടം ₹6.18 ലക്ഷം കോടി

ഇന്നലെ ഒറ്റദിവസം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 6.18 ലക്ഷം കോടി രൂപ. 285.87 ലക്ഷം കോടി രൂപയിൽ നിന്ന് 279.68 ലക്ഷം കോടി രൂപയായാണ് സെൻസെക്‌സിന്റെ മൂല്യം ഇടിഞ്ഞത്.