crime

മുംബയ്: യുവതിയെ കൊലപ്പെടുത്തി തലയറുത്ത് മൃതദേഹം തോട്ടിൽ തള്ളിയ കേസിൽ ഒരു വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ .മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ കഴിഞ്ഞ വർഷം ജൂലായിൽ സാനിയ ഷെയ്ഖിനെ (24) കൊലപ്പെടുത്തിയതിന് നാലാ സോപാര സ്വദേശി ആസിഫ് ഹനീഫ് ഷെയ്ഖിനെയാണ്(32) പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തതത്.കഴിഞ്ഞ മാസം 29 ന് കർണാടകയിലെ ബെൽഗാവിയിൽ നിന്നുള്ള ഒരു സ്ത്രീ അച്ചോലെ പൊലീസ് സ്റ്റേഷനിലെത്തി നാലാ സോപാരയിൽ താമസിക്കുന്ന തന്റെ ചെറുമകൾ സാനിയയെ കഴിഞ്ഞ ഒരു വർഷമായി കാണാനില്ലെന്ന് പരാതിപ്പെട്ടതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

ഭാര്യയെ കാണാതായതിന് ശേഷം പരാതി നൽകാൻ മെനക്കെടാത്തതും സ്ഥലം മാറിയതും ആസിഫിനെ ചോദ്യം ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചു.ചോദ്യം ചെയ്യലിൽ ഒരു വർഷം മുന്നേ സാനിയയെ കൊലപ്പെടുത്തി തലയില്ലാത്ത മൃതദേഹം ബാഗിലാക്കി തോട്ടിൽ തള്ളുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.

2021 ജൂലായ് 26 ന് അജ്ഞാതയായ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം വസായിലെ കലംബ് ക്രീക്കിൽ ട്രോളി ബാഗിൽ തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു അന്ന് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. നിലവിലെ സാഹചര്യത്തിൽ അത് സാനിയയുടെ മൃതദേഹം ആണെന്നാണ് പൊലീസിന്റെ അനുമാനം.സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ പ്രതിക്ക് ഭാര്യയുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നതാണ് പ്രാധമിക നിഗമനം.പ്രതിയെ സെപ്തബർ 19 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരയുടെ തല കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കുറ്റകൃത്യത്തിൽ ഇനി ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പത്മജ ബഡെ പറഞ്ഞു